തൃശൂര്‍: കൃഷ്ണനാട്ടം ഞായറാഴ്ച മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും ആരംഭിക്കും. രാത്രി നട അടച്ച ശേഷം ക്ഷേത്രം വടക്കിനി മുറ്റത്താണ് കൃഷ്ണനാട്ടം അരങ്ങേറുക. മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കൃഷ്ണനാട്ടം അവതരണം.
ജൂണ്‍ മാസം ഒഴിവ് കാലമാണ്. ജൂലൈ ,ഓഗസ്റ്റ് മാസങ്ങള്‍ കൃഷ്ണനാട്ടം കലാകാരന്‍മാര്‍ക്ക് ഉഴിച്ചില്‍, കച്ചകെട്ടഭ്യാസ കാലവും. മെയ്യഭ്യാസത്തിലൂടെ പഠിച്ചുറച്ച ശേഷമാണ് സെപ്റ്റംബര്‍ ഒന്നിന് കൃഷ്ണനാട്ടം ആരംഭം.ഗുരുവായൂരില്‍ ഭക്തര്‍ക്ക് വഴിപാടാണ് കൃഷ്ണനാട്ടം. അവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെ എട്ട് കഥകളാണ് അവതരിപ്പിക്കുക. ഒരോ ദിവസത്തെയും കളി ഭക്തര്‍ക്ക് വഴിപാടായി സമര്‍പ്പിക്കാം. സ്വര്‍ഗാരോഹണം കഥയ്ക്ക് 3300 ഉം മറ്റു കഥകള്‍ക്ക് 3000 രൂപയുമാണ് നിരക്ക്. കളിയുള്ള ദിവസം ഉച്ചയ്ക്ക് 12 മണി വരെ ക്ഷേത്രം കൗണ്ടറില്‍ പണമടച്ച് കളി ശീട്ടാക്കാവുന്നതാണെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.