കൊച്ചി: കൊച്ചിയിലെ കപ്പൽ നിർമ്മാണ ശാലയിൽ ജർമ്മൻ കമ്പനിക്കായി നിർമ്മിച്ച രണ്ടു കപ്പലുകൾ ഇന്നലെ നീറ്റിലിറക്കി. ഇതോടെ കപ്പൽ നിർമ്മാണത്തിൽ രാജ്യത്തിന്റെ യശ്ശസ്സുയർത്തി കൊച്ചി കപ്പൽശാല. ഇതിലൂടെ വലിയൊരംഗീകാരമാണ് ഇന്ത്യ കരസ്ഥമാക്കിയിരിക്കുന്നത്. ആറു മാസത്തിലേറെ ഈ കപ്പലുകൾ ഇവിടെ വിവിധ പരീക്ഷണ- നിരീക്ഷണങ്ങൾക്ക് വിധേയമാകും. അതിനു ശേഷമായിരിക്കും ജർമ്മനിയിലേക്ക് കൊണ്ടു പോകുക. ജർമ്മൻ കമ്പനിയിൽ നിന്നുള്ള അംഗങ്ങളും കപ്പൽ നീറ്റിലിറക്കുന്ന ചടങ്ങിന് എത്തിയിരുന്നു.
ജർമ്മനിയിലെ ഉൾനാടൻ ചരക്കുഗതാഗത ശൃംഖലയിലെ പ്രമുഖരായ എം.എസ്.എച്ച്.എസ് സർവീസ് ജി.എം.ബി.എച്ച് ആൻഡ് കോ കെ.ജി കമ്പനി 2023ലാണ് എട്ട് കപ്പലുകൾ നിർമ്മിക്കാൻ ഓർഡർ നൽകിയത്. രണ്ടെണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഒരു കപ്പലിന് 580 കോടി രൂപയാണ്. അടുത്ത മാർച്ചോടെ മറ്റ് കപ്പലുകളും നീറ്റിലറങ്ങും.
40ലധികം കമ്പനികളുടേതായി 3000 ഉൾനാടൻ ചരക്കുകപ്പലുകളാണ് ജർമ്മനിയിലുള്ളത്. പ്രതിവർഷം 230 ദശലക്ഷം ടൺ ചരക്കുകൈമാറ്റം. ഈ മേഖലയിലേക്ക് ആദ്യമായാണ് ഇന്ത്യൻ നിർമ്മിത കപ്പലുകൾ എത്തുന്നത്. ഇന്ത്യയിലെ വിവിധ കപ്പൽശാലകളിൽ 16 കപ്പലുകൾ ജർമ്മനിക്കായി നിർമ്മിക്കുന്നുണ്ട്.
തണുത്തുറഞ്ഞ ജലാശയങ്ങളിലും സുഗമമായി സഞ്ചരിക്കുന്ന ‘ഐസ് ക്ലാസ് വെസൽസ്’ ആണ് ഈ കപ്പലുകൾ. 110 മീറ്റർ നീളവും 16.5 മീറ്റർ വീതിയും. 7000 ടൺ ഭാരം വഹിക്കുന്ന ബൾക്ക് കാരിയറുകൾ.
ഇന്ത്യൻ നാവിക സേനയ്‌ക്കുവേണ്ടിയും കൊച്ചി കപ്പൽശാലയിൽ രണ്ടു അന്തർവാഹിനി വേധ കപ്പലുകൾ നിർമ്മാണത്തിലിരിക്കുകയായിരുന്നു അതു കൂടി നാളെ നീറ്റിലിറങ്ങും. ഇതോടെ രാജ്യം കൂടുതൽ സൈനിക കരുത്താർജിക്കും. അത്യാധുനിക സോണാർ സംവിധാനമുള്ള കപ്പലുകളാണിത്. ഇതിന്റെ നീളം 78 മീറ്ററും വീതി 11.36 മീറ്ററുമാണ്. വേഗത 25 നോട്ട്. കഴിഞ്ഞ നവംബറിൽ ഐ.എൻ.എസ് മാഹി, ഐ.എൻ.എസ് മാൽവൻ, ഐ.എൻ.എസ് മാംഗ്രോൾ എന്നിങ്ങനെ മൂന്ന് കപ്പലുകൾ നീറ്റിലിറക്കിയിരുന്നു.