വടകര: നിലമ്പൂർ എം എൽ എ പിവി അൻവർ മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി വടകര എം എൽ എയും ആർ എം പി നേതാവുമായ കെ കെ രമ.
‘ഇന്നോവ, മാഷാ അള്ള’ എന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രമ രംഗത്തെത്തിയത്. ടി പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ഓർമ്മപ്പെടുത്തലാണ് രമ നടത്തിയിരിക്കുന്നതെന്ന കമന്റുകളുമായി നിരവധി പേരും പിന്നാലെ രംഗത്തെത്തിയിട്ടുണ്ട്.
അൻവറിനെ തേടിയും ഇന്നോവ എത്തുമോയെന്നാണ് കണ്ടറിയേണ്ടതെന്നും ചിലർ കുറിച്ചിട്ടുണ്ട്. അതിനിടെ പി വി അൻവർ എം എൽ എ പാർട്ടി ശത്രുക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് കരുതേണ്ടി വരുമെന്ന പ്രതികരണവുമായി എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രി കൂടുതൽ ശോഭയോടെ ജ്വലിച്ചു നിൽക്കുകയാണെന്നും ആർക്കും അത് കെടുത്താനാകില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രി കൂടുതൽ ശോഭയോടെ ജ്വലിച്ചു നിൽക്കുന്നു. ജനങ്ങൾ നൽകിയ സൂര്യശോഭയാണ്. അൻവറിന്റെ ഈ വർത്തമാനം കൊണ്ട് അത് കെടുത്താനാവില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു.