തൃശൂർ: കോട്ടയ്ക്കല്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന എം.കെ.ആർ. ഫൗണ്ടേഷന്റെ ഈ വർഷത്തെ കർമ്മ അവാർഡ് ഡബ്ല്യു.സി.സി സംഘടനയ്ക്ക് ലഭിച്ചു. ജൂറി അംഗങ്ങളായ സാറാ ജോസഫ്, ഷീബ അമീർ എന്നിവരാണ് ഈ കാര്യം പത്രസമ്മേളനത്തിലൂടെ അറിയിച്ചത്.
സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ അവർ നടത്തിയ പോരാട്ടത്തെ മാനിച്ചാണ് അവാർഡ് നല്‍കി ആദരിക്കുന്നതെന്ന് ജൂറി അംഗങ്ങള്‍ പറഞ്ഞു. സ്വന്തം ജീവൻ പണയം വെച്ചും വലിയ അപമാനം സഹിച്ചും തൊഴില്‍ നഷ്ടപ്പെട്ടും ഒറ്റപ്പെടുത്തപ്പെട്ടും വരുമാനമടക്കമുള്ള വൻ നഷ്ടങ്ങള്‍ കണക്കിലെടുക്കാതെയും വർഷങ്ങളോളം അവർ നടത്തിയത് ധീരമായ പോരാട്ടമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. എം.ടി. വാസുദേവൻ നായർ ചെയർമാനായ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്.