കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പരിശോധിക്കുന്ന അപ്രൈസർമാരാകാൻ ആളില്ല; കസ്റ്റംസ് മുൻപ് അപേക്ഷ ക്ഷണിച്ചിട്ട് എത്തിയത് പഴയ അപ്രൈസറുടെ മകൻ മാത്രം

0



കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പരിശോധിക്കുന്നതിനുള്ള അപ്രൈസർ തസ്തികയിൽ ജോലി ചെയ്യാൻ ആളില്ല. 2019-ൽ അപേക്ഷ ക്ഷണിച്ചിട്ട് ഒരാൾ മാത്രമാണ് എത്തിയതെന്ന് കസ്റ്റംസ്. മുൻപുണ്ടായിരുന്ന അപ്രൈസറുടെ മകൻ മാത്രമാണ് അപേക്ഷ നൽകിയത്. അദ്ദേഹത്തെ തിരഞ്ഞെടുത്തുവെന്നും കസ്റ്റംസ് പറയുന്നു.

1992 മുതൽ എൻ.വി. ഉണ്ണിക്കൃഷ്ണനാണ് കരിപ്പൂരിൽ കസ്റ്റംസിന്റെ ഗോൾഡ് അപ്രൈസർ. കസ്റ്റംസ് പിടികൂടുന്ന സ്വർണം പരിശോധിച്ച് ശുദ്ധിയും അളവുതൂക്കങ്ങളും രേഖപ്പെടുത്തി നൽകുന്നതാണ് ചുമതല.

പിടിക്കുന്ന സ്വർണത്തിന്റെ തൂക്കം അടിസ്ഥാനപ്പെടുത്തിയായിരുന്നു പ്രതിഫലം നൽകിയിരുന്നത്. ഇപ്പോൾ മൂല്യം അടിസ്ഥാനപ്പെടുത്തിയാണ് പ്രതിഫലം.

32 വർഷത്തിലേറെയായി ഒരാൾ മാത്രമാണ് കരിപ്പൂരിൽ കസ്റ്റംസിന് ഗോൾഡ് അപ്രൈസറായുള്ളതെന്ന് പി.വി. അൻവർ എം.എൽ.എ. ആരോപിച്ചിരുന്നു. കസ്റ്റംസിന് പുറമെ പോലീസ് പിടികൂടുന്ന സ്വർണവും ഉണ്ണിക്കൃഷ്ണനാണ് പരിശോധിച്ച് വേർതിരിച്ചുനൽകുന്നതെന്നും ഇദ്ദേഹം മുഖേന സ്വർണം തിരിമറി നടത്തുന്നുണ്ടെന്നുമാണ് എം.എൽ.എ. ആരോപിച്ചത്.

2019-ൽ വെബ്‌സൈറ്റിലാണ് ഗോൾഡ് അപ്രൈസറെ നിയമിക്കുന്ന പരസ്യം കൊടുത്തതെന്നും ഉദ്യോഗസ്ഥർ ബന്ധപ്പെട്ടിട്ടും സ്വർണപ്പണിക്കാർ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ തയ്യാറായില്ലെന്നും കസ്റ്റംസ് അധികൃതർ പറഞ്ഞു.

Leave a Reply