ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പഠിക്കാന്‍ അമേരിക്കയിലേക്ക്; 69-ാം വയസില്‍ വീണ്ടും വിദ്യാര്‍ത്ഥിയാകാന്‍ കമൽഹാസൻ

0

തന്‍റെ 69-ാം വയസില്‍ വീണ്ടും വിദ്യാര്‍ത്ഥിയാകാന്‍ കമൽഹാസൻ. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെ കുറിച്ച് പഠിക്കാന്‍ താരം അമേരിക്കയിലേക്ക് പുറപ്പെട്ടു. 90 ദിവസം നീണ്ടുനില്‍ക്കുന്ന കോഴ്സ് യുഎസിലെ പ്രധാന എഐ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് അദ്ദേഹം ചെയ്യുന്നത്.

ഹോളിവുഡ് സിനിമയിലടക്കം എഐ സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗിച്ച് വരുന്ന സാഹചര്യത്തിലാണ് കമല്‍ഹാസന്‍ എഐ ടെക്നോളജി പഠിക്കാന്‍ ഒരുങ്ങുന്നത്.

നിലവില്‍ കാരാര്‍ ആയിട്ടുള്ള സിനിമകളുടെ ജോലികളും ഇതിനിടയില്‍ അദ്ദേഹം പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്. 2001-ല്‍ റിലീസ് ചെയ്ത ‘ആളവന്താന്‍’ എന്ന സിനിമയിലൂടെ ആദ്യമായി മോഷന്‍ കണ്‍ട്രോള്‍ റിഗും ആനിമേഷന്‍ സീനുകളും കമല്‍ഹാസന്‍ അവതരിപ്പിച്ചിരുന്നു.

ചിത്രത്തില്‍ നായകനായും വില്ലനായും ഡബിള്‍ റോളിലാണ് താരം പ്രത്യക്ഷപ്പെട്ടത്. 1996-ല്‍ പുറത്തിറങ്ങിയ ‘ഇന്ത്യന്‍’ സിനിമയിലെ സേനാപതി എന്ന കഥാപാത്രത്തിന്‍റെ വാര്‍ധക്യം അവതരിപ്പിക്കാന്‍ അദ്ദേഹം പ്രൊസ്തറ്റിക് മേക്കപ്പ് ഉപയോഗിച്ചിരുന്നു.

2005-ല്‍ റിലീസായ ‘മുംബൈ എക്സ്പ്രസ്’ ആദ്യമായി ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ റിലീസ് ചെയ്യപ്പെട്ട സിനിമയായിരുന്നു. 1992-ല്‍ ‘തേവര്‍മകന്‍’ സിനിമയുടെ തിരക്കഥ എഴുതാന്‍ ആദ്യമായി സോഫ്റ്റ് വെയര്‍ ഉപയോഗിച്ചതും കമല്‍ഹാസന്‍ ആയിരുന്നു. 1986 -ല്‍ ‘വിക്രം’ സിനിമയ്ക്ക് വേണ്ടി ഇളയരാജ കംപോസ് ചെയ്ത ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ആദ്യമായി കംപ്യൂട്ടര്‍ ഉപയോഗിച്ചതിന് പിന്നിലും കമല്‍ഹാസന്‍റെ കരങ്ങളായിരുന്നു.

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ‘കല്‍ക്കി’, ശങ്കറിന്‍റെ ‘ഇന്ത്യന്‍ 2’ എന്നിവയാണ് കമല്‍ഹാസന്‍റെ ഒടുവില്‍ റിലീസായ ചിത്രം. മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫാണ് താരത്തിന്‍റെ അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.

















Leave a Reply