ശ്രീനഗർ: ജമ്മുകശ്മീർ ജനത ഭീകരവാദത്തെ പൂർണമായി തള്ളിക്കളഞ്ഞതായി ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ. ജമ്മുകശ്മീരിലെ, പ്രത്യേകിച്ച് ശ്രീനഗറിലെ യുവാക്കൾ ഭീകരവാദത്തെ എതിർത്ത് സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും ജെപി നദ്ദ പറഞ്ഞു. ജമ്മുകശ്മീരിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ജമ്മുകശ്മീരിൽ നിന്നും ഭീകരവാദ പ്രവർത്തനങ്ങൾ തുടച്ചു നീക്കാൻ കേന്ദ്രസർക്കാരിന് സാധിച്ചു. ശ്രീനഗറിലെ ഓരോ യുവാക്കളും വികസനത്തിന്റെ പാതയിലൂടെ മുന്നേറാൻ ആഗ്രഹിക്കുന്നു. ഭീകരവാദത്തെ അവർ പൂർണമായി എതിർക്കുന്നു.”- ജെപി നദ്ദ പറഞ്ഞു.
ഇന്ന് ജമ്മുക്ശ്മീരിൽ സമാധാനം അലയടിക്കുന്നു. വികസനത്തിന്റെ പാതയാണ് ജനങ്ങൾ തെരഞ്ഞെടുത്തത്. എന്നാൽ പ്രതിപക്ഷ പാർട്ടികൾ സമാധാനവും സുസ്ഥിരതയും തകർക്കാൻ ശ്രമിക്കുന്നു. ഭീകരരെ അനുകൂലിക്കുന്ന നിലപാടുകളാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. രാജ്യത്തിന്റെ സമാധാനം ഇല്ലാതാക്കുന്ന ഒരു പ്രവൃത്തികളും ഇന്ത്യയിൽ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ അനുവദിക്കില്ലെന്നും ജെപി നദ്ദ വ്യക്തമാക്കി.