ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം; 35 കുട്ടികളടക്കം 492 പേര്‍ കൊല്ലപ്പെട്ടു

0

ബെയ്‌റൂട്ട്: ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 35 കുട്ടികളടക്കം 492 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ 1,240 പേര്‍ക്കു പരിക്കേറ്റു.

ഹിസ്ബുല്ല തീവ്രവാദി സംഘം ആയുധങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന സ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞ് പോകാന്‍ ഇസ്രയേലി സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടു.

ലബനനില്‍ സമീപകാലത്തെ ഏറ്റവും വലിയ ആക്രമണമാണിത്. തെക്കന്‍ ലബനനില്‍നിന്ന് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്തു. 24 മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് ആളുകള്‍ തെക്കന്‍ ലെബനനില്‍ നിന്ന് പലായനം ചെയ്തു.

ബെയ്‌റൂട്ടിലേക്കുള്ള പ്രധാന ഹൈവേ തടസ്സപ്പെട്ടു. വ്യോമാക്രമണത്തില്‍ 1,240-ലധികം പേര്‍ക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹിസ്ബുല്ല മൂന്നാമത്തെ കമാന്‍ഡായ അലി കരാക്കെയെ ലക്ഷ്യമിട്ടായിരുന്നു ബെയ്‌റൂട്ടിലെ ആക്രമണമെന്ന് ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു.

തെക്കന്‍ ലെബനനിലെയും ലെബനിലെ ബെക്കയിലെയും ഏകദേശം 800 ഹിസ്ബുല്ല ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. അതേസമയം ഹിസ്ബുല്ല ഇസ്രയേലിലെ അഞ്ചിടത്ത് ആക്രമണങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വെള്ളിയാഴ്ച തെക്കന്‍ ബെയ്റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ ഫോഴ്സ് കമാന്‍ഡര്‍ ഇബ്രാഹിം അഖില്‍ ഉള്‍പ്പെടെ 39 പേര്‍ കൊല്ലപ്പെടുകയും മൂവായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Leave a Reply