പലസ്തീൻകാരുടെ വിശപ്പകറ്റാനുള്ള ഭക്ഷണവും വെള്ളവും പോലും ഇസ്രായേൽ തടഞ്ഞു വെച്ചു; കള്ളവും അതിരുകടന്നതുമായ ആരോപണങ്ങളെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

0


യു.എൻ: ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേൽ പട്ടിണിയും ആയുധമാക്കി. ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്രാന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗാസയിൽ ആക്രമണം നടത്തുന്നതിനിടെ പലസ്തീനികൾക്കുള്ള ഭക്ഷണവും വെള്ളവും വരെ ഇസ്രയേൽ തടഞ്ഞെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ, ഐക്യരാഷ്ട്ര സഭയുടെ സ്വതന്ത്രാന്വേഷണ റിപ്പോർട്ടിനെ തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി.

ഒറിഗോൺ സർവകലാശാലാ നിയമവിഭാഗം പ്രൊഫസർ മിഖായേൽ ഫഖ്‌റിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഗാസക്കാരുടെ ഭക്ഷണത്തിനുള്ള അവകാശം ഹനിക്കപ്പെട്ടോയെന്നാണ് ഫഖ്‍റി പ്രധാനമായും അന്വേഷിച്ചത്. ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണത്തിനുപിന്നാലെ ഇസ്രയേൽ, ഗാസക്കാർക്ക് ഭക്ഷണവിതരണം തടഞ്ഞെന്ന് റിപ്പോർട്ടിൽ പറയുന്നു.

യുദ്ധം തുടങ്ങി രണ്ടുദിവസത്തിനകം ഗാസക്കാരിലേക്ക് കുടിവെള്ളം, ഭക്ഷണം, മറ്റു അവശ്യവസ്തുക്കൾ എന്നിവയെത്തുന്നതിന്‌ ഇസ്രയേൽ നിരോധനമേർപ്പെടുത്തി. യു.എസടക്കമുള്ള സഖ്യകക്ഷികളിൽനിന്നുൾപ്പെടെ അന്താരാഷ്ട്രസമ്മർദം കനത്തതോടെയാണ് ഗാസയിൽ സഹായമെത്തിക്കുന്നതിനായി നെതന്യാഹുസർക്കാർ ചില അതിർത്തികളുൾപ്പെടെ തുറന്നതും വിട്ടുവീഴ്ചകൾ ചെയ്തതുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിസംബറിൽ ഗാസയിലെ 80 ശതമാനം ആളുകളും പട്ടിണി അഭിമുഖീകരിച്ചിരുന്നെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, ഗാസയിൽ ജീവകാരുണ്യസഹായം എത്തിക്കുന്നതിന് ഇസ്രയേൽ തടസ്സംനിന്നെന്ന വാദങ്ങൾ കള്ളവും അതിരുകടന്നതുമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

ശനിയാഴ്ച രാത്രി ഗാസയിൽ അങ്ങോളമിങ്ങോളം ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ധാരാളം ആളുകളാണ് കൊല്ലപ്പെട്ടത്. കുട്ടികളുടെ രണ്ടാം ഡോസ് പോളിയോ തുള്ളിമരുന്ന് ശനിയാഴ്ചയോടെ ഏകദേശം എല്ലാവർക്കും നൽകിക്കഴിഞ്ഞതായി ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ഏകദേശം 6.4 ലക്ഷം കുട്ടികൾ ​ഗസ്സയിലുണ്ട്.

Leave a Reply