ജറുസലം: ഗാസയിൽ അഭയാർത്ഥി ക്യാംപിന് നേരേ ആക്രണം നടത്തി ഇസ്രയേൽ. ആക്രമണത്തിൽ 16 സ്ത്രീകളും കുട്ടികളുമടക്കം 20 പലസ്തീൻകാർ കൊല്ലപ്പെട്ടു. മധ്യഗാസയിലെ നുസുറത്തിൽ യുഎൻ നിയന്ത്രണത്തിലുള്ള അഭയാർത്ഥി ക്യാംപ് പ്രവർത്തിച്ചിരുന്ന സ്കൂളിന് നേരെയാണ് ഇസ്രയേൽ ബോംബാക്രമണം നടത്തിയത്.
അധിനിവേശ വെസ്റ്റ്ബാങ്ക് നഗരമായ തുബാസിൽ ബുധനാഴ്ച ഇസ്രായേൽ സൈന്യം അഞ്ച് പലസ്തീനികളെ വധിച്ചിരുന്നു. തുബാസിലെ അൽ തൗഹിദ് പള്ളിക്ക് സമീപം പുലർച്ചെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് അഞ്ചു പേരും കൊല്ലപ്പെട്ടത്. വെസ്റ്റ്ബാങ്കിലെ ജെനിൻ, റാമല്ല,
ബത്‌ലഹം, ഹീബ്രോൺ നഗരങ്ങളിൽ 30 പലസ്തീൻകാർ അറസ്റ്റിലായി.
ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 41,084 ആയി. 95,029 പേർക്കു പരുക്കേറ്റു. ഈ യുദ്ധത്തിനിടയിലും കുട്ടികൾക്കു പോളിയോ വാക്സിനേഷൻ കൊടുക്കുന്ന കാര്യത്തിൽ മുടക്കം വന്നിട്ടില്ല. വടക്കൻ ഗാസയിൽ ഇതിനോടകം 5.30 ലക്ഷം കുട്ടികൾക്കാണ് വാക്സീൻ കൊടുത്തത്. യുനിസെഫ് ആണ് ഇത് അറിയിച്ചിരിക്കുന്നത്.