തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ നടത്തുന്ന അന്വേഷണം അതീവ രഹസ്യമായി വേണമെന്ന് ഡിജിപി ഷെയ്‌ഖ് ദർവേസ് സാഹിബ് അന്വേഷണ സംഘാംഗങ്ങള്‍ക്ക് നിർദ്ദേശം നല്‍കി.
പി.വി.അൻവറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിലെ ഉന്നതർക്കെതിരെ അന്വേഷണം നടത്തുന്നത്.
അൻവറിൻ്റെ മൊഴിയോടെ ആരോപണങ്ങളില്‍ ഗൗരവമായ അന്വേഷണത്തിലേക്ക് കടക്കുകയാണ്. സ്വർണ കടത്ത് കേസ്, കൊലക്കേസുകളിലെ അട്ടിമറി ഉള്‍പ്പെടെ ഐജി സ്പർജൻകുമാറും, ഡിഐജി തോംസണ്‍ ജോസും നേരിട്ട് അന്വേഷിക്കുന്നുണ്ട്.
അന്വേഷണ സംഘാംഗങ്ങൾ ആരാണെന്ന് പോലും പുറത്തു പോകരുതെന്നാണ് ഡിജിപിയുടെ നിർദ്ദേശം. എഡിജിപിയുടെ വീട് നിർമ്മാണവും, ആർഎസ്എസ് നേതാവിനെ കണ്ടതും ഉള്‍പ്പെടെ അന്വേഷണ പരിധിയിലുണ്ട്.
അതിനിടെ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഐജിയും ഡിഐജിയും തനിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന എഡിജിപി എം.ആർ.അജിത് കുമാറിന്റെ കത്തിൽ തുടർ നടപടികളൊന്നും വേണ്ടെന്ന് ഡിജിപി വ്യക്തമാക്കി. എഡിജിപിയുടെ കത്തിൽ ഉത്തരവ് ഇറക്കിയാൽ ചട്ടവിരുദ്ധമാകും എന്നതുകൊണ്ടാണ് രേഖാമൂലം തുടർ നടപടി വേണ്ടെന്നുളള തീരുമാനം.