ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ നടന്ന ‘Modi and US’ പരിപാടിക്കായി പതിനായിരക്കണക്കിന് അമേരിക്കൻ ഇന്ത്യക്കാരായിരുന്നു ഒത്തുകൂടിയത്. ഭാരതം ഇന്ന് അവസരങ്ങൾക്കായി കാത്തുനിൽക്കുന്ന രാജ്യമല്ലെന്നും അവസരങ്ങൾ സൃഷ്ടിക്കുന്ന നാടാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഞാൻ മറ്റൊരു വഴി തിരഞ്ഞെടുത്തതായിരുന്നു, പക്ഷെ വിധി എന്നെ രാഷ്‌ട്രീയത്തിലെത്തിച്ചു. ഒരു മുഖ്യമന്ത്രിയാകുമെന്ന് ഒരിക്കൽ പോലും വിചാരിച്ചിരുന്നതല്ല. പക്ഷെ ഗുജറാത്തിൽ ഏറ്റവുമധികം കാലം സേവനമനുഷ്ഠിച്ച മുഖ്യമന്ത്രിയായിരുന്നു ഞാൻ. അതിന് ശേഷം ജനങ്ങൾ എനിക്ക് സ്ഥാനക്കയറ്റം നൽകി. എന്നെ അവർ പ്രധാനമന്ത്രിയാക്കി.
സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് ഞാൻ. സ്വാതന്ത്ര്യസമരകാലത്ത് കോടിക്കണക്കിന് ജനങ്ങൾ അവരുടെ ജീവനും ജീവിതവും ത്യജിച്ചിരുന്നു. നമുക്ക് ഇന്ത്യക്ക് വേണ്ടി ജീവൻ ത്യജിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യക്കായി ജീവിക്കാൻ കഴിയും.
ഭാരതം ഏറ്റവും കൂടുതൽ യുവാക്കളുള്ള രാജ്യങ്ങളിലൊന്നാണ്. അതുകൊണ്ടു തന്നെ ഊർജത്താൽ സമ്പന്നമാണ് നമ്മുടെ രാജ്യം. ഇന്ന് ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യയിലെ പുരുഷ ടീമും വനിതാ ടീമും സ്വർണമെഡലുകൾ നേടി.
സമ്പദ് വ്യവസ്ഥയുടെ കാര്യത്തിൽ പത്താം സ്ഥാനത്തുനിന്ന് ഭാരതം അഞ്ചാമതായി. മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാനുള്ള പ്രയാണത്തിലാണ് ഭാരതം. കോടിക്കണക്കിന് വീടുകളിൽ പാചകവാതകവും വൈദ്യുതിയും കുടിവെള്ളവും ശൗചാലയവും ഇന്നുണ്ട്. ഭാരതീയർക്ക് എക്സ്പ്രസ്സ് ഹൈവേയും ഹൈ സ്പീഡ് ട്രെയിനുമാണ് ആവശ്യം. ഓരോ നഗരത്തിലും മെട്രോ സർവീസുകൾ വേണം. 2014ൽ അഞ്ച് നഗരങ്ങളിൽ മാത്രമായിരുന്നു മെട്രോ. ഇന്നിപ്പോൾ ലോകത്തിലെ ഏറ്റവും വലിയ മെട്രോ നെറ്റ്‌വർക്ക് ഭാരതത്തിലാണ്.
ഭാരതത്തിലെ 140ലേറെ നഗരങ്ങളിൽ ഇന്ന് വിമാനത്താവളങ്ങൾ ഉണ്ട്. രണ്ട് ലക്ഷത്തിലേറെ പഞ്ചായത്തുകളിൽ ബ്രോഡ്ബാൻഡ് കണക്ടിവിറ്റി ഉണ്ട്. ഇന്ന് ഭാരതീയർക്ക് ആത്മവിശ്വാസമുണ്ട്.
ഇന്ത്യ ഇന്ന് അവസരങ്ങളുടെ ഭൂമികയാണ്. അവസരങ്ങൾക്കായി കാത്തിരിക്കുന്ന രാജ്യമല്ല. അവസരങ്ങൾ സൃഷ്ടിക്കുന്ന രാജ്യമായി ഭാരതം മാറി. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഓരോ സെക്ടറുകളിലും അവസരങ്ങളുടെ ലോഞ്ചിംഗ് പാഡുകൾ ഇന്ത്യ സൃഷ്ടിച്ചു.
സ്ത്രീകളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് ഒപ്പം തന്നെ സ്ത്രീകൾ നയിക്കുന്ന വികസനത്തിനും ഭാരതം പ്രാധാന്യം നൽകുന്നു. സർക്കാർ നിരവധി വീടുകളാണ് നിർമിച്ച് നൽകിയത്. അതെല്ലാം കുടുംബത്തിലെ സ്ത്രീകളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 10 കോടി സ്ത്രീകൾ മൈക്രോ-ബിസിനസ് പദ്ധതികളിൽ പങ്കാളികളായി. കാർഷിക മേഖലയിലും നാം സാങ്കേതിക വിദ്യ ഉപയോഗിക്കുകയാണ്. കൃഷിക്ക് ഡ്രോണുകളും നാം ഉപയോഗിക്കുന്നു. അത് ചെയ്യുന്നതോ നമ്മുടെ സ്ത്രീകളും. ഗ്രാമങ്ങളിൽ സാങ്കേതിക വിപ്ലവം തീർക്കുന്നത് സ്ത്രീകളാണ്. നേരത്തെ അവഗണിക്കപ്പെട്ട ഓരോ മേഖലകളും ഇന്ന് കേന്ദ്രീകരിക്കപ്പെടുന്നു.
പുഷ്പ എന്ന വാക്ക് നിങ്ങൾ ഓർക്കുന്നുണ്ടായിരിക്കും. PUSHPA എന്ന വാക്കിനെ ഞാൻ നിർവചിക്കുന്നത് ഇങ്ങനെയാണ്. പ്രോഗ്രസ്സീവ് ഭാരത്, അൺസ്റ്റോപ്പബിൾ ഭാരത്, സ്പിരിച്ച്വൽ ഭാരത്, ഹ്യുമാനിറ്റി ഫസ്റ്റ്, പ്രോസ്പരസ് ഇന്ത്യ. പുഷ്പത്തിന്റെ അഞ്ച് ഇതളുകളും ചേർന്ന് ഇന്ത്യയെ വികസിത ഭാരതമാക്കുന്നു.- പ്രധാനമന്ത്രി പറഞ്ഞു.