ഡൽഹി: സോഷ്യൽ മീഡിയ ദുരുപയോഗവും ട്രോളിംഗും കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും മികച്ചതും ഫലപ്രദവുമായ മാർഗ്ഗം അവഗണിക്കുകയെന്നതാണെന്ന് സുപ്രീം കോടതി.
പാർലമെൻ്റ് അംഗം സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ സഹായി ബിഭാവ് കുമാറിന് ജാമ്യം നൽകുന്നതിനിടെയാണ് കോടതി പരാമർശം.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് സോഷ്യൽ മീഡിയ ട്രോളുകളെ കുറിച്ച് നിരീക്ഷണം നടത്തിയത്.
“മലിവാളിനെതിരായ കുറ്റകൃത്യം ആക്രമണത്തിൽ അവസാനിച്ചില്ലെന്നും സോഷ്യൽ മീഡിയയിലും അക്രമണം തുടർന്നുവെന്നും മലിവാളിൻ്റെ അഭിഭാഷകൻ വാദിച്ചു,”എക്‌സിലും മറ്റ് സോഷ്യൽ മീഡിയകളിലും ഹർജിക്കാരനും അദ്ദേഹത്തിൻ്റെ അനുയായികളും ട്രോളുന്നു എന്നായിരുന്നു പരാതി.