ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി വി അൻവർ പരാതി നൽകിയാൽ അന്വേഷിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അൻവറിനെതിരെ മാത്രം അന്വേഷണം നടത്താൻ വേണ്ടി കത്ത് നൽകിയിട്ടില്ലെന്നും ഒരു വ്യക്തിക്കെതിരെ മാത്രം അന്വേഷണം നടത്താൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവർണർ പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ വ്യക്തികൾ ഫോൺ ചോർത്തുന്നുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടത്തും. രണ്ട് ദിവസം കഴിഞ്ഞതിന് ശേഷം ഇക്കാര്യത്തിൽ കൃത്യമായ നടപടി സ്വീകരിക്കും. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായി അൻവർ പരാതി നൽകുകയാണെങ്കിൽ അത് അന്വേഷിക്കുക തന്നെ ചെയ്യുമെന്നും ഗവർണർ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ നടപടികളെ കുറിച്ച് ഗവർണർ വനിതാ കമ്മീഷൻ അംഗവുമായി ചർച്ച നടത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ വളരെ ഗൗരവത്തോടൊണ് കമ്മീഷൻ കാണുന്നതെന്നും സമൂഹത്തിലെ എല്ലാവരെയും ബാധിക്കുന്ന വിഷയമാണിതെന്നും ഗവർണർ വ്യക്തമാക്കി.