വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി മലയാളികളുടെ മനസ്സിലെ വിങ്ങലായിരുന്നു.
ആശുപത്രി ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലാണ് ഇപ്പോൾ ശ്രുതി. ശ്രുതിയുടെ ഇപ്പോഴത്തെ പുഞ്ചിരി ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ പ്രതീകമാണ്.
ഒരു പുതിയ ജീവിതത്തിലേക്ക് കടക്കുന്ന ശ്രുതിക്ക് വീടൊരുങ്ങുകയാണ്! വ്യവസായി ബോബി ചെമ്മണ്ണൂർ നല്കുന്ന പത്ത് ലക്ഷം രൂപ വീട് വെക്കാനായി എംഎല്‍എ ടി സിദ്ദിഖ് കൈമാറി.
ശ്രുതിക്ക് ജോലി ലഭ്യമാക്കുന്നതിനായി സർക്കാർ തലത്തില്‍ ആവശ്യം ഉന്നയിക്കുന്നുണ്ടെന്ന് എംഎല്‍എ പറഞ്ഞു. ശ്രുതിയുടെ താല്‍പ്പര്യം അനുസരിച്ച് കല്‍പ്പറ്റയില്‍ തന്നെ വീട് വെക്കാനുള്ള തുകയാണ് വ്യവസായി ബോബി ചെമ്മണ്ണൂർ നല്‍കിയത്.
ചൂരല്‍മലയിലെ പുതിയ വീടിന്റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ഉരുള്‍പൊട്ടലുണ്ടായത്. ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ടു. വീടും ഇല്ലാതായി. അപകടത്തില്‍ പരിക്കേറ്റ് കല്‍പ്പറ്റയിലെ താല്‍ക്കാലിക പുനരധിവാസ കേന്ദ്രത്തില്‍ കഴിയുമ്പോഴാണ് സഹായം എത്തുന്നത്.