ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; നബീല്‍ കൗക്കിനെയും വധിച്ചെന്ന് ഇസ്രയേല്‍

0

ബെയ്‌റൂട്ട്: ഹിസ്ബുല്ലയുടെ ഉന്നത നേതാക്കളിലൊരാളായ കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വ്യോമാക്രമണത്തില്‍ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം. വെള്ളിയാഴ്ച ഹിസ്ബുല്ല മേധാവി ഹസന്‍ നസ്റല്ല വധിക്കപ്പെട്ടതിനു പിന്നാലെ കൗക്കും കൊല്ലപ്പെട്ടത് ഹിസ്ബുല്ലയ്ക്കു കനത്ത തിരിച്ചടിയാണ്. ശനിയാഴ്ച നടത്തിയ ആക്രണമണത്തിലാണ് കൗക്കിനെ വധിച്ചതെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞെങ്കിലും ഹിസ്ബുല്ല ഇതുവരെ അതു സ്ഥിരീകരിച്ചിട്ടില്ല.

ഹിസ്ബുല്ലയുടെ മധ്യതലത്തിലെ ഡപ്യൂട്ടി മേധാവിയായ നബീല്‍ കൗക്ക് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമാണ്. 1980 കള്‍ മുതല്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന കൗക്ക്, 2006 ല്‍ ഇസ്രയേലുമായി നടന്ന യുദ്ധത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. അന്ന് ഹിസ്ബുല്ലയുടെ നിലപാടുകള്‍ വ്യക്തമാക്കാനും സുരക്ഷാകാര്യങ്ങളടക്കം ചര്‍ച്ച ചെയ്യാനും മാധ്യമങ്ങളില്‍ പതിവായി പ്രത്യക്ഷപ്പെട്ടിരുന്നു. നസ്റല്ലയുടെ പിന്‍ഗാമിയായി പറഞ്ഞിരുന്ന പേരുകളിലൊന്നും കൗക്കിന്റേതായിരുന്നു.

ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണം ഇസ്രയേല്‍ തുടരുകയാണ്. നസറുല്ലയുടെ കൊലപാതകത്തില്‍ പ്രതികാരം ചെയ്യാതെ പോകില്ല എന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പ്രതിജ്ഞയെടുത്തിരുന്നു. ഇസ്രയേലിന്റെ നടപടിക്കെതിരെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാകൗണ്‍സില്‍ അടിയന്തര യോഗം വിളിച്ചുചേര്‍ക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. അതേസമയം, പ്രത്യാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ ഇസ്രയേല്‍ സേന കനത്ത ജാഗ്രതയിലാണ്.

Leave a Reply