രക്ഷാദൗത്യത്തിനിടെ ഹെലികോപ്റ്റർ തകർന്നുവീണ് ദാരുണാന്ത്യം; കോസ്റ്റ് ഗാർഡ് സീനിയർ ഡെപ്യൂട്ടി കമൻഡന്റ് വിപിൻ ബാബുവിന് ജന്മനാട് ഇന്ന് വിടനൽകും

0


മാവേലിക്കര: ഗുജറാത്തിലെ പോർബന്തറിൽ രക്ഷാദൗത്യത്തിനിടെ ഹെലികോപ്റ്റർ തകർന്നുവീണ് മരിച്ച കോസ്റ്റ് ഗാർഡ് സീനിയർ ഡെപ്യൂട്ടി കമൻഡാന്റ് വിപിൻ ബാബുവിന്റെ ഭൗതികശരീരം ഇന്ന് ജന്മനാട്ടിലെത്തിക്കും. ഇന്നു രാവിലെ നെടുമ്പാശേരിയിലെത്തിക്കുന്ന മൃതദേഹം ഉച്ചക്ക് ഒരുമണിയോടെ മാവേലിക്കരയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. തിങ്കളാഴ്ച്ച രാത്രിയിലാണ് മാവേലിക്കര കണ്ടിയൂർ പറക്കടവ് നന്ദനം വീട്ടിൽ വിപിൻ ബാബു (39) ഉൾപ്പെടെ മൂന്ന് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ അടിയന്തര ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ ഹെലികോപ്റ്റർ അറബിക്കടലിൽ തകർന്നുവീണ് മരിച്ചത്.

നാലു പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഒരാളെ രക്ഷിച്ചു. പോർബന്തർ തീരത്തുനിന്ന് 45 കിലോമീറ്റർ അകലെ ഹരിലീല എന്ന മോട്ടോർ ടാങ്കറിൽ പരിക്കേറ്റു കിടന്ന ജീവനക്കാരനെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെയായിരുന്നു അപകടം. അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് കടലിൽ പതിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് നാല് കപ്പലുകളും രണ്ടു വിമാനങ്ങളും സജ്ജമാക്കി. ഗുജറാത്തിലെ ചുഴലിക്കാറ്റിൽ 67 പേരെ രക്ഷപ്പെടുത്തിയ കോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

എയർഫോഴ്സ് റിട്ട.ഉദ്യോഗസ്‌ഥൻ പരേതനായ ആർ.സി.ബാബുവിന്റെയും ശ്രീലത ബാബുവിന്റെയും മകനായ വിപിൻ രണ്ടു മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തി മടങ്ങിയത്. കുടുംബസമേതം ഡൽഹിയിലാണ് താമസം. ഭാര്യ: പാലക്കാട് പുത്തൻവീട്ടിൽ മേജർ ശില്പ (മിലിട്ടറി നഴ്സ്, ഡൽഹി). മകൻ : സെനിത് (5). സഹോദരി: നിഷി ബാബു.

Leave a Reply