“20 മാർക്ക് കിട്ടുന്നവന് ഇത്തവണ 30 കിട്ടി, എന്നിട്ടും പരീക്ഷ ജയിച്ചില്ല”; കോൺഗ്രസിനെ പരിഹസിച്ച് അമിത് ഷാ

0

മുംബൈ: മാർക്ക് കൂടുതൽ നേടിയിട്ടും പരീക്ഷയിൽ വിജയിക്കാത്ത വിദ്യാർത്ഥിക്ക് തുല്യമാണ് കോൺഗ്രസെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോഴുള്ള കോൺഗ്രസിന്റെ അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു അമിത്ഷായുടെ വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന മഹാരാഷ്‌ട്രയിലെ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

“രണ്ട് വിദ്യാർത്ഥികളുണ്ട്. ഒരാൾ പഠനത്തിൽ മിടുക്കനാണ്, എല്ലാ പരീക്ഷയിലും 90% മാർക്ക് നേടുന്നു. മറ്റേയാൾക്ക് 20 മുതൽ 25 ശതമാനം വരെ മാർക്ക് ലഭിക്കുമായിരുന്നു. എന്നാൽ ഒരു പരീക്ഷയിൽ 90 മുതൽ 95 ശതമാനം വരെ മാർക്ക് ലഭിച്ചിരുന്ന വിദ്യാർത്ഥിക്ക് 80 ശതമാനവും 20 മാർക്ക് ലഭിച്ചിരുന്നയാൾക്ക് 30 ശതമാനവും ലഭിച്ചു,” ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു

എന്നാൽ 30 മാർക്ക് നേടിയ വിദ്യാർത്ഥി ഇപ്പോഴും പരീക്ഷയിൽ വിജയിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യമെന്നും ഇതുതന്നെയാണ് ബിജെപിയും കോൺഗ്രസും തമ്മിലുള്ള വ്യത്യാസമെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ വിദേശത്ത് നടത്തിയ പരാമർശങ്ങളെയും അദ്ദേഹം വിമർശിച്ചു. രാഹുൽ പറയുന്നത് ഇന്ത്യയിൽ വേണ്ടത്ര വികസനമുണ്ടെന്നും സംവരണം ഇവിടെ ആവശ്യമില്ലെന്നുമാണ്. കോൺഗ്രസിന്റെ ഈ ജനവിരുദ്ധ നീക്കം ബിജെപി അനുവദിക്കില്ലെന്നും ആഭ്യന്തരമന്തി കൂട്ടിച്ചേർത്തു.

Leave a Reply