കേരളവർമ കോളേജിലെ പീഡനം; കൊച്ചിൻ ദേവസ്വം ബോർഡ് അന്വേഷണം ആരംഭിച്ചു

0

തൃശ്ശൂർ: ശ്രീകേരളവർമ്മ കോളേജിൽ വിദ്യർത്ഥിനിയെ സഹപാഠിയായ എസ്എഫ്ഐ നേതാവ് സനേഷ് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ‍ കോളേജ് മാനേജ്മെന്റ് അന്വേഷണം ആരംഭിച്ചു. കൊച്ചിൻ ദേവസ്വം ബോർഡിന്റേതാണ് കോളേജ്. ബോർഡിന്റെ നിർദേശമനുസരിച്ച് ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ഓഫീസർ അന്വേഷണമാരംഭിച്ചു. പീഡനത്തിനിരയായ വിദ്യാർഥിനി പഠനം നിർത്തിപ്പോയ സംഭവവും പ്രതിയായ വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തതും കോളേജ് മാനേജ്‌മെന്റിനെ അറിയിക്കുന്നതിൽ പ്രിൻസിപ്പലിന്റെ ചുമതലയുള്ളയാൾ വീഴ്ചവരുത്തിയതിൽ വിശദീകരണം ചോദിക്കാനും മാനേജ്മെന്റ് തീരുമാനിച്ചു.

ഓഗസ്റ്റ് 15-ന് നടന്ന അറസ്റ്റുവിവരം കോളേജ് മാനേജരായ കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി അറിയുന്നത് കോളേജിലെ സംഭവങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ നാലിന് കെ.പി.സി.സി. സെക്രട്ടറി എ. പ്രസാദ് നൽകിയ പരാതിയിലൂടെയാണ്. കോളേജിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തുചെയ്യണമെന്ന നിർദേശങ്ങൾ സമർപ്പിക്കുന്നതിനും സെക്രട്ടറി പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2023 മെയ് 23-നാണ് കോളേജിലെ ക്ലാസ് മുറിയിൽ വിദ്യാർഥിനിയെ സനേഷ് പീഡിപ്പിച്ചത്. ഓഗസ്റ്റ് 12-നാണ് പെൺകുട്ടി വെസ്റ്റ് പോലീസിൽ പരാതി നൽകിയതും പിന്നാലെ അറസ്റ്റുണ്ടായതും.

കലാലയത്തിൽ നടന്ന സംഭവത്തെപ്പറ്റി വസ്തുതാവിവരണം നൽകണമെന്നും അതിനായി ജനറൽ സ്റ്റാഫ് മീറ്റിങ് വിളിച്ചു ചേർക്കണമെന്നുമാവശ്യപ്പെട്ട് കെ.പി.സി.ടി.എ.യുടെ കലാലയ യൂണിറ്റ് പ്രിൻസിപ്പലിന് കത്തു നൽകി. അധ്യാപകനുനേരെ ഉയർന്ന ആരോപണങ്ങളെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ടല്ല കത്തു നൽകിയതെന്ന് കെ.പി.സി.ടി.എ. യൂണിറ്റ് സെക്രട്ടറി ഡോ. സി. ആദർശ് അറിയിച്ചു.

Leave a Reply