മയക്കി കിടത്തുന്നതിനുള്ള മരുന്ന് നൽകി, സ്വര്‍ണം കവരുമ്പോള്‍ ഒപ്പം നിന്നു; സുഭദ്ര കൊലക്കേസിൽ ഒരു അറസ്റ്റ് കൂടി

0

ആലപ്പുഴ: സുഭദ്ര കൊലക്കേസിൽ അറസ്റ്റിലായ ദമ്പതികളുടെ സുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. മാത്യുവിന്‍റെ സുഹത്തും ബന്ധുവുമായ റൈനോള്‍ഡിന‍്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇയാൾക്കും കൃത്യത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആണ് അറസ്റ്റ്. സുഭദ്രയെ മയക്കി കിടത്തുന്നതിനുള്ള മരുന്ന് എത്തിച്ച നല്‍കിയത് റൈനോള്‍സാണ്. സ്വര്‍ണം കവരുമ്പോള്‍ റൈനോള്‍ഡും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

ആലപ്പുഴ കലവൂരിൽ വയോധികയായ സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയത് അതിക്രൂര മർദ്ദനത്തിന് ശേഷമാണെന്നാണ് പൊലീസ് പറയുന്നത്. എഴുപത്തിമൂന്നുകാരി സുഭദ്രയുടെ നെഞ്ചിൽ ചവിട്ടി എന്നും കഴുത്ത് ഞരിച്ചെന്നും പ്രതികളായ മാത്യുവും ശർമിളയും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഇന്നലെ കർണാടക മണിപ്പാലിൽ നിന്ന് പിടിയിലായ പ്രതികളെ ഇന്ന് രാവിലെയാണ് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. വിശദമായ ചോദ്യം ചെയ്യലിൽ സാമ്പത്തിക നേട്ടത്തിനായാണ് സുഭദ്രയെ കൊന്നതെന്ന് പ്രതികൾ വെളിപ്പെടുത്തി. മാത്യുവും ഷർമിളയും ചേർന്ന് സുഭദ്രയെ അതിക്രൂരമായി മർദിച്ചു. മേസ്തിരിയെ വിളിച്ചു വരുത്തി വീടിന് പിറകുവശത്ത് കുഴി എടുത്ത ശേഷം ഏഴാം തിയ്യതി വൈകുന്നേരം തന്നെയാണ് കൊലപാതകം നടന്നന്നതെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി.

ഉഡുപ്പിയിൽ നിന്നും എട്ട് കിലോ മീറ്റർ അകലെയുള്ള മണിപ്പാലിലെ സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രമധ്യേയാണ് പ്രതികൾ അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഉഡുപ്പി സ്വദേശിയായ ശർമിള പോകാൻ സാധ്യത ഉള്ള സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങിയവരുടെ വിവരങ്ങൾ പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഇവിടങ്ങളിൽ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. കൃത്യത്തിന് ശേഷം ഉഡുപ്പിയിലെത്തിയ പ്രതികൾ അടുത്ത ദിവസങ്ങളിൽ തന്നെ കൊച്ചിയിൽ തിരിച്ചെത്തി. കൊലപാതക വിവരം പുറത്തറിഞ്ഞതോടെയാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് മണിപ്പാലിലേക്ക് യാത്ര തിരിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply