തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ യുവനടനെതിരെയും ലൈംഗിക പീഡനപരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതോടെ സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളുടെ പേരിൽ എറണാകുളത്ത് റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 11 ആയി. പ്രമുഖ യുവനടൻ നിവിൻപോളിക്കെതിരെയാണ് ഇന്ന് കേസ് രജിസ്റ്റർ ചെയ്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിലെ ഹോട്ടൽമുറിയിൽവച്ച് നിവിൻ പോളി ലൈംഗികപീഡനം നടത്തിയെന്നാണ് പരാതി. ആറു പ്രതികളുള്ള കേസിൽ നിവിൻ പോളി ആറാം പ്രതിയാണ്.
നേര്യമംഗലം ഊന്നുകൽ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. 2023-ൽ വിദേശത്തുവെച്ചാണ് പീഡനം നടന്നത്. വിദേശത്ത് മറ്റൊരു ജോലിയുമായി ബന്ധപ്പെട്ടാണ് യുവതി പോയത്. അതിനിടയിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ശ്രേയ എന്നുപേരുള്ള തന്റെ സുഹൃത്താണ് തന്നെ നടന്റെ മുന്നിലേക്കെത്തിച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. നിവിൻ പോളി, പരാതിക്കാരിയുടെ വനിതാ സുഹൃത്ത് ശ്രേയ, മറ്റ് നാലുപേർ എന്നിവരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. കേസിൽ ശ്രേയ ഒന്നാം പ്രതിയാണ്. നിർമാതാവ് എ.കെ. സുനിലാണ് രണ്ടാം പ്രതി.
വിദേശത്ത് വെച്ചാണ് സംഭവം നടന്നതെന്നും യുവതി പരാതിയിൽ പറയുന്നു. നിവിൻ പോളിക്കൊപ്പം മറ്റ് ചിലർ കൂടി തന്നെ പീഡിപ്പിച്ചെന്നും സംഘമായി ചേർന്നാണ് പീഡനമെന്നും യുവതി പരാതിയിൽ പറയുന്നു. നേര്യമംഗലം ഊന്നുകൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കേസിൽ ആറു പ്രതികളാണുള്ളത്. നിവിൻ പോളി ആറാം പ്രതിയാണ്.
പരാതി ആദ്യം എത്തിയത് എറണാകുളം റൂറൽ എസ് പിക്കാണ്. പിന്നീട് ഊന്നുകൽ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. നിവിൻ പോളിക്കെതിരെ ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐപിസി 376, 354, 376 ഡി എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്