ജൈവ കൃഷിക്കായി ജീവിതം ഉഴിഞ്ഞുവച്ച കർഷക; പാപ്പമ്മാളിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

0

ന്യൂഡൽഹി: പ്രശസ്ത ജൈവ കർഷകയും പത്മശ്രീ ജേതാവുമായ പാപ്പമ്മാളിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിൽ മുൻപന്തിയിലായിരുന്നു പാപ്പമ്മാളെന്നും വിയോഗത്തിൽ വേദനിക്കുന്നുവെന്നും പ്രധാനമന്ത്രി സാമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

” പാപ്പമ്മാളിന്റെ വേർപാടിൽ അതിയായ വേദനയുണ്ട്. ജൈവകൃഷിയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു പാപ്പമ്മാൾ. പ്രകൃതിയോടുള്ള അവരുടെ സ്‌നേഹത്തെ എല്ലാവരും പ്രശംസിച്ചു. അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.”- പ്രധാനമന്ത്രി കുറിച്ചു.

വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് 109-ാം വയസിലാണ് പാപ്പമ്മാളിന്റെ അന്ത്യം. 2023ൽ ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ഗ്ലോബൽ മില്ലെറ്റ്‌സ് കോൺഫറൻസിൽ പാപ്പമ്മാൾ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ജൈവ കൃഷിയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും പ്രോത്സാഹിപ്പിക്കണമെന്ന ആവശ്യം അവർ ഉന്നയിച്ചു.

ഇതിനുപുറമെ തിന കൃഷിയുടെ ഉത്പാദനവും ഉപഭോഗവും വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ സഹായം ആവശ്യമാണെന്നും പാപ്പമ്മാൾ പറഞ്ഞിരുന്നു. ചടങ്ങിൽ പാപ്പമ്മാളിന്റെ അനുഗ്രഹം വാങ്ങിയ പ്രധാനമന്ത്രി, ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ നടപ്പിലാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.

Leave a Reply