”ജനാധിപത്യം ശക്തിപ്പെടുത്താൻ ഓരോ വോട്ടും വിനിയോഗിക്കാം”; കന്നി വോട്ട് ചെയ്യുന്ന വോട്ടർമാർക്ക് ആശംസകളുമായി പ്രധാനമന്ത്രി

0

ശ്രീനഗർ: ജമ്മുകശ്മീർ നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ എല്ലാ വോട്ടർമാരും സമ്മതിദായക അവകാശം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കന്നി വോട്ടർമാർക്ക് അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

” ജമ്മുകശ്മീരിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ എല്ലാ ജനങ്ങളും അവരുടെ സമ്മതിദായക അവകാശം വിനിയോഗിച്ച് ജനാധിപത്യം ശക്തിപ്പെടുത്താൻ ശ്രമിക്കുക. ജനാധിപത്യത്തെ താങ്ങി നിർത്തുന്നതിൽ വോട്ടർമാർ പ്രധാന പങ്കുവഹിക്കുന്നു. കന്നി വോട്ട് ചെയ്യുന്ന വോട്ടർമാർക്ക് ആശംസകൾ അറിയിക്കുന്നു.”- പ്രധാനമന്ത്രി കുറിച്ചു.

6 ജില്ലകളിൽ 26 മണ്ഡലങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 239 സ്ഥാനാർത്ഥികളാണ് ജമ്മുകശ്മീരിൽ ജനവിധി തേടുന്നത്. മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അപ്നി പാർട്ടി നേതാവ് അൽത്താഫ് ബുഖാരി, ബിജെപി സംസ്ഥാന പ്രസിഡന്റ് രവീന്ദർ റെയ്ന, കോൺഗ്രസ് നേതാവ് താരിഖ് ഹാമിദ് എന്നിവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.

നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അദ്ധ്യക്ഷനുമായ ജെപി നദ്ദയും വോട്ടർമാർക്ക് ആശംസകൾ അറിയിച്ചിരുന്നു. ജമ്മുകശ്മീരിന്റെ സുവർണ ഭാവിക്കായാണ് ഇത്തവണത്തെ വോട്ടെടുപ്പെന്നും ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ഓരോരുത്തർക്കും സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. 10 വർഷങ്ങൾക്ക് ശേഷമാണ് ജമ്മുകശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Leave a Reply