ന്യൂഡല്‍ഹി: ഡല്‍ഹി വഖഫ് ബോര്‍ഡ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രാവിലെ ഖാന്റെ വീട്ടിലെത്തിയ സംഘം ആറ് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനെത്തുടര്‍ന്ന്, ഖാനെ പോലീസ് ഉദ്യോഗസ്ഥരും ഇഡി ഉദ്യോഗസ്ഥരും ചേര്‍ന്ന് വീട്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി.
ഓഖ്ലയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ഡെല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ അനധികൃത റിക്രൂട്ട്മെന്റും സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അമാനത്തുള്ള ഖാന്‍ ആരോപണങ്ങള്‍ നേരിടുന്നുണ്ട്.
ഇഡി സംഘം തിരച്ചില്‍ നടത്തിയപ്പോള്‍ ഡല്‍ഹി പോലീസിന്റെയും അര്‍ദ്ധസൈനിക വിഭാഗത്തിന്റെയും വലിയൊരു സംഘം ഖാന്റെ വീടിന് പുറത്ത് നിലയുറപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ വസതിയിലേക്ക് പോകുന്ന റോഡുകളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.