‘കോൺ​ഗ്രസിനും ബിജെപിക്കും വോട്ട് ചെയ്യരുത്’; വോട്ട് പാഴാക്കരുതെന്ന് ദളിത് വിഭാ​ഗത്തോട് മായാവതി

0

ലഖ്നൗ: കോൺ​ഗ്രസിനും ബിജെപിക്കും വോട്ട് ചെയ്യരുതെന്ന് ദളിത് വിഭാ​ഗത്തോട് ആവശ്യപ്പെട്ട് ബിഎസ്പി നേതാവ് മായാവതി. ദളിത് വിഭാ​ഗത്തെ കോൺ​ഗ്രസ് അവ​ഗണിക്കുകയാണ്. ജമ്മു കശ്മീരിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലും കോൺ​ഗ്രസ് ജനങ്ങളെ കബളിപ്പിക്കാനും സ്വാധീനിക്കാനും ശ്രമിക്കും. ദളിത് വിഭാ​ഗങ്ങൾ അവരുടെ വാക്കുകൾ വിശ്വസിക്കരുതെന്നും മായാവതി പറഞ്ഞു.

എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു മായാവതിയുടെ പരാമർശം. ബിജെപിയും സമാന വാ​ഗ്ധാനങ്ങൾ ആവർത്തിച്ചേക്കാം. ദളിത് വിരുദ്ധ മനോഭാവം പിന്തുടരുന്ന പാർട്ടികളുടെ ചരിത്രം മനസിൽ കുറിച്ച് വേണം ദളിത് വിഭാ​ഗങ്ങൾ പ്രവർത്തിക്കാൻ. വോട്ടുകൾ പാഴാക്കരുതെന്നും മായാവതി കുറിച്ചു.

കഴിഞ്ഞ ദിവസം കോൺ​ഗ്രസും മറ്റ് പാർട്ടികളും ദളിത് വിഭാ​ഗക്കാരെ പ്രശ്നസമയത്ത് മാത്രമാണ് ഉപയോ​ഗിക്കുന്നതെന്നും പിന്നീട് അവരെ പാർശ്വവത്ക്കരിക്കുകയാണെന്നും മായാവതി പറഞ്ഞിരുന്നു. അംബേദ്കറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അത്തരം പാർട്ടികളിൽ നിന്ന് അകന്നുനിൽക്കണമെന്നും മായാവതി ദളിത് നേതാക്കളോട് ആഹ്വാനം ചെയ്തു. രാഹുൽ ഗാന്ധി വിദേശത്ത് പോയി സംവരണം നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത്തരം ഭരണഘടനാ വിരുദ്ധ, സംവരണ വിരുദ്ധ, എസ്‌സി, എസ്ടി, ഒബിസി വിരുദ്ധ പാർട്ടികൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മായാവതി പറഞ്ഞു.

Leave a Reply