കുടിവെള്ളം കിട്ടാതെ ജനം നെട്ടോട്ടമോടുമ്പോൾ പ്രൊഫൈൽ പിക്ച്ചർ മാറ്റി ജില്ലാ കളക്ടർ; പരാതി കൊണ്ട് കമന്റ് ബോക്സ് നിറച്ച് നാട്ടുകാർ

0

തലസ്ഥാന ന​ഗരത്തിൽ ജനം കുടിവെള്ളം കിട്ടാതെ നെട്ടോട്ടമോടുമ്പോൾ ഫേസ്ബുക്കിൽ പ്രൊഫൈൽ പിക്ച്ചർ മാറ്റി തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി. ഇതോടെ വെള്ളം എപ്പോൾ കിട്ടുമെന്ന ചോദ്യവുമായി നാട്ടുകാരുമെത്തി. കുടിവെള്ള വിതരണം എപ്പോൾ പുനസ്ഥാപിക്കുമെന്ന ഉറപ്പൊന്നും കളക്ടർ നൽകിയില്ലെങ്കിലും കമന്റ് ബോക്സിൽ ജനം പരാതിയുമായെത്തി. തിരുവനന്തപുരം ന​ഗരത്തിലെ അഞ്ചു ലക്ഷം ജനങ്ങളാണ് കുടിവെള്ളം കിട്ടാതെ വലയുന്നതെന്നാണ് പലരും കളക്ടറെ ഓർമ്മപ്പെടുത്തിയത്.

ജില്ലാകളക്ടറുടെ ഫേസ്ബുക്ക് പേജിൽ പരാതികൾ കുമിഞ്ഞ് കൂടുകയാണ്. അതിൽ ഒരു പരാതി ഇങ്ങനെയാണ്.‘‘ബഹുമാനപ്പെട്ട മാഡം, ഞങ്ങൾക്ക് വെള്ളം നൽകി രക്ഷിക്കണം. രാത്രി ഉറക്കമൊഴിഞ്ഞ് വെള്ളത്തിനായി കാത്തിരിപ്പ് തുടരുന്നതിനാൽ അസുഖങ്ങളെല്ലാം കൂടി’. കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് യകളക്ടറുടെ പേജിൽ ഇന്ന് പോസ്റ്റൊന്നും വന്നില്ല,പകരം കളക്ടറുടെ പ്രൊഫൈൽ ചിത്രം മാറ്റിയിരുന്നു. ഇതി​ന്റെ കമ​ന്റുകളായി തങ്ങളുടെ ദുരിതം നാട്ടുകാർ രേഖപ്പെടുത്തുകയായിരുന്നു.

ദിവ്യ ശശിധരൻ എന്ന പ്രൊഫൈലാണു വെള്ളം കിട്ടാത്തതിന്റെ പ്രയാസം അറിയിച്ചവരിൽ ഒരാൾ. ‘‘ബഹുമാനപ്പെട്ട മാഡം ഞങ്ങൾക്ക് വെള്ളം നൽകി രക്ഷിക്കണം. ഞങ്ങൾ താമസിക്കുന്നിടത്തു രാത്രി കാലങ്ങളിൽ മാത്രമാണ് വെള്ളം വരുന്നത്. ചില ദിവസങ്ങൾ അതുമില്ല. ഉറക്കമൊഴിഞ്ഞു രാത്രി കാലങ്ങളിൽ ഇരിക്കുന്നതുകൊണ്ടു നിലവിൽ ഉണ്ടായിരുന്ന ശാരീരിക ബുദ്ധിമുട്ടുകൾ കൂടുന്നു. ഇതിനെല്ലാം പ്രതിവിധി ഉണ്ടാക്കണമെന്ന് അപേക്ഷിക്കുന്നു’’ എന്നാണു ദിവ്യയുടെ കമന്റ്. 5 ലക്ഷത്തോളം ജനങ്ങൾ വെള്ളമില്ലാതെ പ്രയാസപ്പെടുകയാണെന്നും അടിയന്തര പരിഹാരം വേണമെന്നും ജയിംസ് ഡൊമിനിക് എന്നയാൾ കുറിച്ചു.

കുടിവെള്ളം കിട്ടാനില്ലെന്നും നാലു ദിവസമായി ശേഖരിച്ച വെള്ളമെല്ലാം തീർന്നെന്നും പ്രേം കൃഷ്ണ സങ്കടം അറിയിച്ചു. വെള്ളമില്ലാത്ത നഗരത്തിലാണു നമ്മൾ വസിക്കുന്നത്, അറിയുന്നുണ്ടോ?, ജനം ദുരിതത്തിലാണ് എന്നായിരുന്നു ജെ.എസ്.ജോഷന്റെ രോഷം. നഗരത്തിലെ കുടിവെള്ളം മുടക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നു സുരേഷ് എസ്.കല്യാണി ആവശ്യപ്പെട്ടു. നഗരപരിധിയിൽ മാത്രമല്ല ജില്ല മുഴുവനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്ന് അഭിനവ് കമൽ എന്നയാൾ ആവശ്യപ്പെട്ടു. വെള്ളമില്ലാതെ അലയുന്നതുകൊണ്ട് ലൈക്കടിക്കാൻ സമയമില്ലെന്നു ജോയ്സ് കിരണും കലക്‌ടർ രാജിവയ്ക്കണമെന്നു അനന്തകൃഷ്ണനും തമാശമട്ടിലും പറഞ്ഞിട്ടുണ്ട്.

നഗരത്തിലെ ജലവിതരണം വൈകിട്ട് നാലു മണിയോടെ പുനഃസ്ഥാപിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ വാക്ക് പറഞ്ഞിരുന്നു. എന്നാൽ രാത്രിയായിട്ടും വെള്ളമെത്തിയില്ല. ഇതോടെ ന​ഗരവാസികൾ കുടിവെള്ളമില്ലാതെ വലയുകയാണ്.

Leave a Reply