മുൻ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് റോക്കറ്റാക്രമണം; മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം

0

ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ മുൻ മുഖ്യമന്ത്രിയുടെ വീടുൾപ്പെടെ രണ്ടിടങ്ങളിൽ സായുധ സംഘങ്ങൾ വെള്ളിയാഴ്ച റോക്കറ്റ് ആക്രമണം നടത്തി.

ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് രൂക്ഷമായ സംഘർഷത്തിൽ അത്യാധുനിക ആയുധങ്ങളുടെ ഉപയോഗവും വർധിച്ചിട്ടുണ്ട്.

ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് മുൻ മുഖ്യമന്ത്രി മൈറെംബം കൊയ്‌റെങ് സിങ്ങിൻ്റെ മൊയ്‌റാങ് ടൗണിലുള്ള വീടിന് നേരെ റോക്കറ്റ് തൊടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.


അദ്ദേഹത്തിൻ്റെ വീട്ടില്‍ നിന്ന് ഇഞ്ചുകള്‍ മാറിയാണ് റോക്കറ്റ് പതിച്ചത്. ആക്രമണത്തില്‍ 72 കാരനായ ആർ.കെ റാബെയ് സിങ് കൊല്ലപ്പെട്ടു, 13കാരിയുള്‍പ്പെടെ മുൻ മുഖ്യമന്ത്രിയുടെ അഞ്ച് ബന്ധുക്കള്‍ക്കും പരിക്കേറ്റു.

17 മാസം മുമ്പ് സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് റോക്കറ്റ് ആക്രമണം നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നേരത്തെ ഡ്രോണുകൾ ഉപയോഗിച്ചും ആക്രമണം നടത്തിയിരുന്നു. അക്രമസംഭവങ്ങൾ വർധിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.

Leave a Reply