മുഖ്യമന്ത്രിയുടെ മകൻ ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജിയും തിരികെയെത്തി; ഡിഎംകെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു

0

ചെന്നൈ: തമിഴ്നാട്ടിൽ മന്ത്രിസഭാ പുനഃസംഘടനയുടെ ഭാ​ഗമായി മൂന്ന് എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഡിഎംകെ സർക്കാരിന്റെ ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിനും അധികാരമേറ്റു. കൂടാതെ അഴിമതിക്കേസിൽ ആരോപണവിധേയനായ സെന്തിൽ ബാലാജി മന്ത്രിസഭയിലേക്ക് തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്.

ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ കൊച്ചുമകനും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനുമായ നിലവിലെ കായിക-യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നതായി മാസങ്ങൾക്ക് മുൻപേ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. 46-കാരനായ ഉദയനിധി മന്ത്രിസഭാം​ഗമായതിനാൽ ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചെങ്കിലും പ്രത്യേകം സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നില്ല. രണ്ടാംനിരയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച സാഹചര്യത്തിൽ കായിക വകുപ്പ് കൂടാതെ ആസൂത്രണം, വികസന വകുപ്പുകൾ ഇനി ഉദയനിധി കൈകാര്യം ചെയ്യും. തമിഴ്നാടിന്റെ ചരിത്രത്തിൽ മൂന്നാമത്തെ ഉപമുഖ്യമന്ത്രിയാണ് ഉദയനിധി സ്റ്റാലിൻ. നേരത്തെ എംകെ സ്റ്റാലിനും ഒ പനീർസെൽവവുമാണ് ഉപമുഖ്യമന്ത്രിമാരായിട്ടുള്ളത്.

ജോലിക്ക് കൈക്കൂലി വാങ്ങിയ കേസിൽ ഇഡിയുടെ അറസ്റ്റിലായി 15 മാസത്തെ ജയിൽവാസത്തിനൊടുവിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെ പുറത്തിറങ്ങിയ സാഹചര്യത്തിലാണ് സെന്തിൽ ബാലാജി വീണ്ടും മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തിയത്. ഡോ. ​ഗോവി ചെഴിയാൻ, എസ്എം നാസർ, ആർ രാജേന്ദ്രൻ എന്നിവരാണ് മന്ത്രിസഭയിലെത്തിയ പുതിയ അംഗങ്ങൾ. സെന്തിൽ ബാലാജിയും മറ്റ് മൂന്ന് മന്ത്രിമാരും ചെന്നൈയിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ​ഗവർണർ ആർ. എൻ രവിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

നേരത്തെ ചുമതലയുണ്ടായിരുന്ന അതേവകുപ്പാണ് സെന്തിൽ ബാലാജിക്ക് വീണ്ടും ലഭിച്ചിരിക്കുന്നത്. അഴിമതി ആരോപണത്തെ തുടർന്ന് അറസ്റ്റിലാകുന്ന സമയത്ത് സെന്തിൽ ബാലാജി കൈകാര്യം ചെയ്തിരുന്നത് വൈദ്യുതി, എക്സൈസ് വകുപ്പുകളായിരുന്നു. 2021 മെയ് മുതൽ 2023 ജൂൺ വരെ ഈ വകുപ്പുകളുടെ ചുമതല ബാലാജിക്കായിരുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രിയായ ​ഗോവി ചെഴിയാനും ടൂറിസം മന്ത്രിയായി ആർ രാജേന്ദ്രനും സത്യപ്രതിജ്ഞ ചെയ്തു. ന്യൂനപക്ഷ വകുപ്പാണ് മുൻ മന്ത്രി എസ്എം നാസറിന് ലഭിച്ചത്.

പുനഃസംഘടനയുടെ ഭാ​ഗമായി മൂന്ന് മന്ത്രിമാർക്ക് പദവി നഷ്ടമായിരുന്നു. ടി മനോ തങ്കരാജ്, ജിൻജി കെ എസ് മസ്താൻ, കെ രാമചന്ദ്രൻ എന്നിവരാണ് മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കപ്പെട്ടത്.

Leave a Reply