ആരോപണ വിധേയരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു, മാദ്ധ്യമങ്ങളുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ പിണറായി വിജയനാകില്ല: വി മുരളീധരൻ

0

തിരുവനന്തപുരം: ആരോപണ വിധേയരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങുകയാണെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി വി അൻവർ നടത്തിയ വാർത്തസമ്മേളനത്തിന് പിന്നാലെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വി മുരളീധരൻ.

“കരിപ്പൂർ കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കടത്ത് കേസുകളിൽ അജിത്കുമാറിന് പങ്കുണ്ടെന്നുള്ള ആരോപണം അന്വേഷിക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് മുഹമ്മദ് റിയാസിനെ സംരക്ഷിക്കാനാണ്. റിയാസിന് ഇത്തരത്തിലുള്ള സംഭവങ്ങളിൽ നേരിട്ട് പങ്കുണ്ടെന്നാണ് ഇതിലൂടെ തെളിയുന്നത്.

സ്വർണക്കടത്തുകൾക്കും കസ്റ്റഡിമരണങ്ങൾക്കും നേതൃത്വം നൽകുന്നയാളെ കുറിച്ച് ഇടതുപക്ഷ സർക്കാരിന്റെ എം.എൽ.എ തന്നെ ആരോപിക്കുമ്പോൾ, മുഖ്യമന്ത്രിക്ക് ഈ ആരോപണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ല. മുഖ്യമന്ത്രി ഇത് വിശദീകരിച്ചേ പറ്റൂ. കുറ്റകൃത്യങ്ങളിൽ നേരിട്ട് പങ്കുള്ളയാളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

മുഖ്യമന്ത്രിയും ഓഫീസും സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ നിരന്തരം ഉൾപ്പെടുന്നു. ഇക്കാര്യത്തിൽ വിശദീകരണങ്ങൾ നൽകാൻ ഇല്ലാത്തതിനാലാണ് മുഖ്യമന്ത്രി മാദ്ധ്യമങ്ങളിൽ നിന്ന് ഒളിച്ചോടുന്നത്. പ്രതിപക്ഷമാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചതെങ്കിൽ അത് രാഷ്‌ട്രീയമാണെന്ന് പറയാം. എന്നാലിവിടെ, ഭരണക്ഷിയിലെ ഒരു എം.എൽ.എ തന്നെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നു”.

കേരളത്തിലെ പാർട്ടി പ്രവർത്തകരിൽ 95 ശതമാനം ആളുകൾക്കും
വേണ്ടാത്തൊരു ആളായി മുഖ്യമന്ത്രി മാറിയിരിക്കുന്നു. പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭ തുടരുന്നതിൽ ഒരു കാര്യവുമില്ല. എന്തിനാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കുന്നത്. മന്ത്രിസഭ പിരിച്ചുവിടുകയാണ് വേണ്ടതെന്നും മുരളീധരൻ പറഞ്ഞു.

Leave a Reply