തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
കോമോറിൻ തീരം മുതൽ റായൽസീമ വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ ( ഒക്ടോബർ 1)-ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഉയർന്ന തിരമാലയ്‌ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കർശന നിർദേശമുണ്ട്.