ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസ് ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ ആറ് മരണം. മധ്യപ്രദേശിലെ മായിഹര്‍ ജില്ലയില്‍ ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ഇരുപതോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. മരണ സംഖ്യ ഉയരാന്‍ സാധ്യതയുള്ളതായി പൊലീസ് അറിയിച്ചു.
പ്രയോഗ്‌രാജില്‍ നിന്ന് നാഗ്പൂരിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. റോഡിന് വശത്ത് പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ ബസ് ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. പൊലീസും പ്രദേശവാസികളും ചേര്‍ന്ന് പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ആറ് പേരുടെ നില ഗുരുതരമാണ്.