ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി ആം ആദ്മി നേതാവ് അതീഷി ചുമതലയേറ്റു. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ കസേര ഒഴിച്ചിട്ട് തൊട്ടടുത്ത് മറ്റൊരു കസേരയിട്ടാണ് അതീഷി ഇരുന്നത്. കെജരിവാളിന്റെ മടങ്ങിവരവിന് വേണ്ടിയാണ് ആ കസേര ഒഴിച്ചിട്ടതെന്ന് അതീഷി മാധ്യമങ്ങളോട് പറഞ്ഞു. രാമായണത്തിലെ ഭരതന്‍റേതിനു സമാനമായ അവസ്ഥയാണ് തന്റെതെന്നും ശ്രീരാമന്റെ അഭാവത്തില്‍ മെതിയടി സിംഹാസനത്തില്‍ വച്ച് രാജ്യം ഭരിച്ചതുപോലെയാണ് ഇതെന്നും അതീഷി പറഞ്ഞു
‘ഭരതന്‍ വഹിച്ച അതേ ഭാരമാണ് ഇന്ന് ഞാനും വഹിക്കുന്നത്. ശ്രീരാമന്റെ ചെരുപ്പുകള്‍ സിംഹാസനത്തിലിട്ട് രാജ്യം ഭരിച്ച അതേ മനോഭാവത്തോടെയാണ് അടുത്ത നാലുമാസം ഞാനും ഡല്‍ഹി ഭരിക്കുക. അടുത്ത തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ അരവിന്ദ് കെജരിവാളിനെ അധികാരത്തിലേറ്റും’ അതീഷി പറഞ്ഞു.
‘ഈ കസേര അരവിന്ദ് കെജരിവാളിന്റെതാണ്. ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പില്‍ ജനം അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുമെന്ന് എനിക്കുറപ്പുണ്ട്. അതുവരെ ഈ കസേര ഓഫീസില്‍ ഇങ്ങനെ ഒഴിഞ്ഞുകിടക്കും. കെജരിവാളിന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്നു’ അതീഷി പറഞ്ഞു.
അതേസമയം, കസേര നാടകമാണിതെന്ന് ബിജെപി പരിഹസിച്ചു. ആം ആദ്മി പാര്‍ട്ടി ഭരണഘടനയെ കളിയാക്കുകയാണെന്നും ബിജെപി ആരോപിച്ചു. ഡല്‍ഹിയില്‍ ഷീലാ ദീഷിതിനും സുഷമാ സ്വരാജിനും ശേഷം ആദ്യമായാണ് ഡല്‍ഹിയില്‍ വനിത മുഖ്യമന്ത്രിയാകുന്നത്. ഡല്‍ഹിയിലെ മൂന്നാമത്തെ വനിതയും എട്ടാമത്തെ മുഖ്യമന്ത്രിയുമാണ് അതീഷി.
അതിഷിക്ക് പുറമെ ഗോപാല്‍ റായി, കൈലാഷ് ഗഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍, മുകേഷ് അഹ്ലാവത് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.