കാബിനുള്ളില്‍ അര്‍ജുന്റെ മൊബൈല്‍ ഫോണുകളും പേഴ്‌സും മകനുള്ള കളിപ്പാട്ടവും: വൈകാരിക നിമിഷങ്ങള്‍ലോറിയുടെ കാബിനുള്ളില്‍ നിന്നും ലഭിച്ച വസ്തുക്കള്‍ അര്‍ജുന്റെ സഹോദരന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്

0

ഷിരൂര്‍: അര്‍ജുന്റെ ലോറിയുടെ കാബിനുള്ളില്‍ നിന്ന് കൂടുതല്‍ വസ്തുക്കള്‍ പുറത്തെടുത്തു. അര്‍ജുന്റെ രണ്ട് മൊബൈല്‍ ഫോണുകളും പേഴ്‌സും വാച്ചും മകനുള്ള കളിപ്പാട്ടങ്ങളും അടക്കമാണ് കാബിനില്‍ നിന്നും ലഭിച്ചത്. അര്‍ജുന്റെ വസ്ത്രങ്ങളും നേരത്തെ പുറത്തെടുത്തിരുന്നു. ഇന്ന് രാവിലെ പൂര്‍ണമായും പുറത്തെത്തിച്ച ലോറിയുടെ കാബിനില്‍ പരിശോധന തുടരുകയാണ്.

അസ്ഥിയുടെ കൂടുതല്‍ ഭാഗങ്ങള്‍ കാബിനില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ലോറി പൊളിച്ച് പരിശോധിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ലോറിയുടെ കാബിനുള്ളില്‍ നിന്നും ലഭിച്ച വസ്തുക്കള്‍ അര്‍ജുന്റെ സഹോദരന്‍ അഭിജിത് തിരിച്ചറിഞ്ഞിട്ടുണ്ട്.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് പൂര്‍ത്തിയാകുമെന്ന് ഉത്തര കന്നഡ എസ്പി എം നാരായണ പ്രതികരിച്ചു. സാമ്പിളുകള്‍ മംഗളൂരു ഫോറന്‍സിക് ലാബിലേക്ക് അയച്ചു. പരിശോധനാഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിലേക്ക് മൃതദേഹം എത്തിക്കുമ്പോള്‍ കര്‍ണാടക പൊലീസ് അനുഗമിക്കും. ഇരു സംസ്ഥാനങ്ങളും ചേര്‍ന്നുള്ള കൂട്ടായ ദൗത്യമാണ് ഷിരൂരില്‍ നടന്നതെന്നും എം നാരായണ പറഞ്ഞു.

ഡിഎന്‍എ ഫലം കിട്ടിയാലുടന്‍ അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കും. അര്‍ജുന്‍ ഉപയോഗിച്ച, ലോറിയിലുള്ള വസ്തുക്കളെല്ലാം തിരികെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന് ഭാര്യ കൃഷ്ണപ്രിയ സഹോദരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനാ ഫലം വന്നാല്‍ നാളെത്തന്നെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. എത്രയും വേഗം നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. കാണാതായ മറ്റ് രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം മരണം വരെ മനസ്സില്‍ ഉണ്ടാകുന്ന സ്ഥലമാണ് ഷിരൂര്‍ എന്ന് അര്‍ജുന്റെ ബന്ധു ജിതിന്‍ പറഞ്ഞു. സന്തോഷത്തോടെ ജീവിച്ചിരുന്ന ഒരു കുടുംബമാണ് പെട്ടെന്ന് ഒരു ദിവസം ചിന്നിച്ചിതറിയതെന്നും ആ കുടുംബത്തിന് താങ്ങായി നില്‍ക്കണമെന്ന അര്‍പ്പണബോധം തന്നില്‍ ഉണ്ടായിരുന്നുവെന്നും ജിതിന്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

അര്‍ജുന്‍ ഉറങ്ങിയ സ്ഥലമാണ് ഇത്. കുടുംബത്തിന് ഇവിടെ വരണമെന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. അര്‍ജുന്‍ അവസാനം ഇരുന്ന സ്ഥലത്ത് ഇരുന്നൊന്ന് കരയണമെന്ന് അമ്മയും കൃഷ്ണപ്രിയയുമെല്ലാം പറഞ്ഞിരുന്നുവെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply