മകന്റെ കളിപ്പാട്ട വണ്ടിയും ഫോണും വാച്ചും പാത്രങ്ങളും ഉൾപ്പെടെ അർജുന്റെ ലോറിയിൽ കണ്ടെത്തി; ബാക്കിയായത് കണ്ണീർക്കാഴ്ചകൾ

0

ഷിരൂർ: ഷിരൂരിലെ ​ഗം​ഗാവലി പുഴയിൽ നിന്ന് 72 ദിവസം നീണ്ടുനിന്ന വേദനയുടെയും പ്രതീക്ഷയുടെയും നിമിഷങ്ങൾക്ക് ഉത്തരം ലഭിച്ചപ്പോൾ ബാക്കിയായത് ഉള്ളുലയ്ക്കുന്ന ചില കണ്ണീർ കാഴ്ചകൾ മാത്രമാണ്. ലോറിയിൽ നിന്ന് അർജുൻ യാത്രയിൽ ഉപയോ​ഗിച്ച മിക്ക വസ്തുക്കളും കണ്ടെത്തി. അർജുന്റെ ബാ​ഗ്, രണ്ട് ഫോണുകൾ, പാചകത്തിനുപയോ​ഗിക്കുന്ന കുക്കർ ഉൾപ്പെടെയുള്ള പാത്രങ്ങൾ, വാച്ച്, ചെരിപ്പുകൾ എന്നിവയാണ് കണ്ടെടുത്തത്.

മകന്റെ കളിപ്പാട്ടവുമുണ്ടായിരുന്നു അർജുന്റെ ലോറിയിൽ. ഈ കളിപ്പാട്ടം ലോറിയില്‍ കാബിന് മുന്നില്‍ വെച്ചാണ് അര്‍ജുന്‍ യാത്ര ചെയ്തിരുന്നത്. മകന് വേണ്ടി അര്‍ജുന്‍ വാങ്ങി നല്‍കിയതായിരുന്നു ഇതെന്ന് അനിയന്‍ അഭിജിത്ത് പറഞ്ഞു. പിന്നീട് തിരികെ പോയപ്പോള്‍ ഈ കളിപ്പാട്ട വണ്ടിയും അര്‍ജുന്‍ കൂടെക്കൊണ്ടുപോയിരുന്നു. ഇത്തരം കുഞ്ഞുകളിപ്പാട്ടങ്ങളാണ് അര്‍ജുന്‍ മകന് വാങ്ങിക്കൊടുത്തിരുന്നത്.

ഇന്ന് രാവിലെയാണ് ഗംഗാവലി പുഴയില്‍ നിന്ന് ലോറി പൂര്‍ണ്ണമായി കരക്കെത്തിച്ചത്. ലോറി കരക്കെത്തിച്ച സമയത്ത് ലോറിയുടെ ക്യാബിനുള്ളില്‍ നിന്നും അസ്ഥികള്‍ കണ്ടെത്തിയിരുന്നു. കാബിന്റെ ഭാ​ഗത്തുള്ള ചെളി നീക്കിയപ്പോഴാണ് അര്‍ജുന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ കിട്ടിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് അർജുന്റെ ശരീരഭാ​ഗങ്ങളും ലോറിയും ​ഗം​ഗാവലി പുഴയിൽ നിന്നും കണ്ടെത്തിയത്.

അര്‍ജുന്‍റെ മൃതദേഹം നാളെ കുടുംബത്തിന് വിട്ടുനല്‍കും. മൃതദേഹത്തെ കര്‍ണാടക പൊലീസും അനുഗമിക്കും. പൊലീസ് സംരക്ഷണയോടെ ആയിരിക്കും കേരളത്തിലേക്കുള്ള യാത്ര. മൃതദേഹം എങ്ങനെ കൊണ്ടുപോകണം എന്ന കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമാകും.

Leave a Reply