രാജകുമാരി: മൂന്ന് ഒറ്റയാൻമാരുണ്ടായിരുന്ന ചിന്നക്കനാൽ ഇനി ചക്കക്കൊമ്പന്റെ സാമ്രാജ്യം. തന്നോട് ഏറ്റുമുട്ടി ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെ മുറിവാലൻ കൊമ്പൻ കഴിഞ്ഞ ദിവസം ചരിഞ്ഞതോടെയാണ് ചിന്നക്കനാൽ മേഖലയുടെ ഏക കാട്ടുകൊമ്പനായി ചക്കക്കൊമ്പൻ മാറിയത്.
അരിക്കൊമ്പൻ, മുറിവാലൻ കൊമ്പൻ, ചക്കക്കൊമ്പൻ എന്നിവരായിരുന്നു നേരത്തെ ചിന്നക്കനാലിലെ ജനവാസ മേഖലയിൽ വിലസിയ കാട്ടാനകൾ. അരിക്കൊമ്പൻ മനുഷ്യരുടെ ജീവനും ഭീഷണിയായി മാറിയതോടെ 2023 ൽ തിരുനെൽവേലി കോതയാർ വന മേഖലയിലേക്കു മാറ്റി. ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് മുറിവാലനും ചരിഞ്ഞതോടെ ചിന്നക്കനാലിൽ ഇനിയുള്ളത് ചക്കക്കൊമ്പൻ മാത്രം.
ദേഹത്ത് 15 ഇടങ്ങളിൽ ആഴത്തിൽ മുറിവേറ്റും ഇടതു കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടും അവശനിലയിലായിരുന്ന മുറിവാലൻ. കഴിഞ്ഞ മാസം 21ന് ആയിരുന്നു ഏറ്റുമുട്ടൽ. പെരിയകനാൽ – ചിന്നക്കനാൽ റോഡിൽ നിന്ന് 500 മീറ്റർ അകലെ കാട്ടിലാണ് അവശനായ മുറിവാലനെ കണ്ടെത്തിയത്.
വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. അനുരാജിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ മുതൽ മരുന്നുകൾ നൽകിയിരുന്നു. കൊമ്പനെ ചികിത്സിക്കുന്നതിനായി വനം വകുപ്പ് ചീഫ് വെറ്ററിനറി ഓഫിസർ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ശനിയാഴ്ച നിയോഗിച്ചിരുന്നു. എന്നാൽ ഡോ. അരുണും സംഘവും എത്തും മുൻപ് ഇന്നലെ പുലർച്ചെ 2നു മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഇന്നു മറവു ചെയ്യും.
കഴിഞ്ഞ ജൂൺ 14നു ചക്കക്കൊമ്പന്റെ ആക്രമണത്തിൽ പരുക്കേറ്റ 2 വയസ്സ് പ്രായമുള്ള ഒരു കുട്ടിക്കൊമ്പനും ചരിഞ്ഞിരുന്നു. നിലവിൽ ചക്കക്കൊമ്പനു മദപ്പാട് മൂർധന്യാവസ്ഥയിലാണെന്നു ദേവികുളം റേഞ്ച് ഓഫിസർ പി.വി.വെജി പറഞ്ഞു.
കൊമ്പന്മാരായ കാട്ടാനകൾ ചരിഞ്ഞാൽ ജഡം മറവു ചെയ്യും മുൻപു കൊമ്പുകൾ പിഴുതെടുക്കും. അതതു റേഞ്ച് ഓഫിസുകളിലെ സ്ട്രോങ് റൂമിൽ സൂക്ഷിക്കുന്ന കൊമ്പുകൾ പിന്നീടു തിരുവനന്തപുരത്തെ വനം വകുപ്പിന്റെ പ്രധാന സ്ട്രോങ് റൂമിലേക്കു മാറ്റും.