അജിത്തിനെ തള്ളാന്‍ സമ്മര്‍ദമേറുന്നു; അഞ്ച് ദിവസം പിന്നിട്ടിട്ടും  മുഖ്യമന്ത്രി മൗനത്തില്‍

0

തിരുവനന്തപുരം: ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദത്തില്‍ എഡിജിപി എം.ആര്‍ അജിത്കുമാറിനെ കൈവിടാന്‍ മുഖ്യമന്ത്രിക്കു മേല്‍ സമ്മര്‍ദമേറുന്നു. ക്രമസമാധാന ചുമതലയില്‍ നിന്ന് അജിത്കുമാറിനെ നീക്കാന്‍ തയാറായേക്കുമെന്നാണ് സൂചന. എന്നാല്‍ വിവാദമുയര്‍ന്ന് 5 ദിവസത്തിനുശേഷവും മുഖ്യമന്ത്രി മൗനം തുടരുകയാണ്.

അജിത്കുമാര്‍ ക്രമസമാധാനച്ചുമതലയില്‍ തുടരുന്നതില്‍  പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബും അമര്‍ഷത്തിലാണ്. തുടര്‍നടപടിക്കുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുമേല്‍ ചാരിയ മുന്നണി നേതാക്കള്‍, അജിത്കുമാറിനെ മുഖ്യമന്ത്രി ഇനി എത്രനാള്‍ സംരക്ഷിക്കുമെന്നാണ് ഉറ്റുനോക്കുന്നത്. ആര്‍എസ്എസ് ബന്ധം ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥനുണ്ടാക്കിയ രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്നും തലയൂരാനുള്ള ഏകവഴി അദ്ദേഹത്തെ കൈവിടുകയാണെന്ന വാദം ഇടതു കേന്ദ്രങ്ങളില്‍ ശക്തമാണ്. എല്‍ഡിഎഫ് യോഗം നാളെ ചേരാനിരിക്കെ, ഇടതുപക്ഷത്തിന്റെ മുഖംരക്ഷിക്കുന്ന നടപടി പിണറായിയില്‍ നിന്നും മുന്നണിയിലെ വലിയൊരു വിഭാഗം നേതാക്കള്‍ പ്രതീക്ഷിക്കുന്നുണ്ട്. എഡിജിപിയെ മാറ്റിയേതീരൂ എന്ന നിലപാടിലാണ്  സിപിഐ.

സിപിഎമ്മിലും ഇടതുമുന്നണിയിലും അമര്‍ഷം ഉരുണ്ടുകൂടുമ്പോഴും കൂടിക്കാഴ്ചയില്‍ സാങ്കേതികമായി തെറ്റില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ ആര്‍എസ്എസ് നേതാവിനെ കണ്ടത് അച്ചടക്കലംഘനമായോ സര്‍വീസിലെ വീഴ്ചയായോ അദ്ദേഹം കാണുന്നില്ല. എന്നാല്‍, രാഷ്ട്രീയമായി അതിനെ പ്രതിരോധിക്കുക എളുപ്പമല്ലെന്ന ബോധ്യവുമുണ്ട്. തുടര്‍ന്നും അജിത്കുമാറിനെ സംരക്ഷിക്കുന്ന നിലപാടെടുത്താല്‍, ആര്‍എസ്എസുമായി മുഖ്യമന്ത്രിക്കു രഹസ്യബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്ന ആക്ഷേപം ശരിവയ്ക്കുന്ന തരത്തിലും ആകും.

Leave a Reply