സിനിമാ മേഖലയിൽ സത്രീകൾക്കുനേരേ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്ന് തുറന്നു പറഞ്ഞ് നടി സോമി അലി. ലൈംഗികാഭിനിവേശങ്ങൾക്ക് വഴങ്ങിയാൽ കരിയറിൽ വൻ കുതിപ്പുണ്ടാകുമെന്ന് വാഗ്ദാനം ചെയ്ത് പലരും തന്നെയും സമീപിച്ചിച്ചുണ്ടെന്നും സോമി അലി വ്യക്തമാക്കി. എന്നാൽ, താൻ അത്തരം പ്രലോഭനങ്ങളിൽ വീണുപോയില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഹേമ കമ്മിറ്റി റിപ്പോർട്ട് കേരളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമയ്ക്ക് മുഴുവൻ ഒരു മുന്നറിയിപ്പാണെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം ചൂണ്ടിക്കാട്ടി.
സ്ത്രീയാകട്ടെ പുരുഷനാകട്ടെ, സിനിമയിൽ എല്ലാവർക്കും ഭയമില്ലാതെ സ്വതന്ത്ര്യമായി ജോലി ചെയ്യാൻ സാധിക്കണം. ഞാൻ അഭിനയിക്കുന്ന കാലത്ത് പലരും പറഞ്ഞിട്ടുണ്ട്, മുന്നേറണമെങ്കിൽ പലരുടെയും ഹോട്ടൽ സ്യൂട്ടിലേക്ക് കയറി ചെല്ലണമെന്ന്. സിനിമയിൽ സ്ത്രീകൾക്ക് നേരേ നടക്കുന്ന അതിക്രമങ്ങൾ നേരിട്ട് കണ്ടിട്ടുവെന്നും സോമി അലി പറയുന്നു. സിനിമയിലെ വലിയ താരങ്ങളുടെ മുറിയിൽ നിന്ന് അപമാനത്തോടെയും വേദനയോടെയും ഇറങ്ങിപ്പോകുന്ന നടിമാരെ ഞാൻ കണ്ടിട്ടുണ്ട്. വിവാഹം കഴിഞ്ഞ് മാന്യമായി ജീവിക്കുന്നു എന്നവകാശപ്പെടുന്ന പലരും വേട്ടക്കാരുടെ കൂട്ടത്തിലുണ്ട്- സോമി അലി പറഞ്ഞു.
നോ മോർ ടിയേഴ്‌സ് എന്ന പേരിൽ ഒരു സന്നദ്ധ സംഘടന സ്ഥാപിച്ച സോമി അലി ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വർഷങ്ങളായി നേതൃത്വം നൽകുന്നു. ഗാർഹിക പീഡനം, മനുഷ്യക്കടത്ത്, ലൈംഗിക പീഡനം തുടങ്ങിയവയുടെ ഇരകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് നോ മോർ ടിയേഴ്‌സ് സ്ഥാപിച്ചത്. സ്ത്രീകൾ, കുട്ടികൾ, പുരുഷൻമാർ എൽ.ജി.ബി.ടി.ക്യു തുടങ്ങി എല്ലാ വിഭാഗത്തിലുള്ളവർക്കും ഈ സംഘടന സേവനം നൽകുന്നു.
1990 കളിൽ ബോളിവുഡിൽ അറിയപ്പെടുന്ന നടിയായിരുന്നു സോമി അലി. പാകിസ്താനിൽ ജനിച്ച് അമേരിക്കയിൽ വളർന്ന ഇവർ സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞയുടൻ ബോളിവുഡിൽ ഭാഗ്യം പരീക്ഷിക്കാൻ മുംബൈയിലേക്ക് ചേക്കേറി. ബോളിവുഡ് നടൻ സൽമാൻ ഖാനോട് തോന്നിയ ആരാധനയാണ് അതിന് കാരണമായത്. മോഡലിങിലെത്തിയ സോമി അലി പിന്നീട് പതിയെ സിനിമയിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു തുടങ്ങി.
അതിനിടെ സൽമാൻ ഖാനെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തു. ക്രിഷൻ അവതാർ, ആന്തോളൻ, മാഫിയ ചുപ് തുടങ്ങിയ സിനിമകളിൽ വേഷമിട്ട നടി സൽമാനുമായുള്ള പ്രണയത്തകർച്ചയ്ക്ക് ശേഷം 1999 ൽ അമേരിക്കിലേക്ക് തിരിച്ചുപോയി. അതോടെ അഭിനയം നിർത്തുകയും പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. പിന്നീട് അമേരിക്കയിൽ ജോലി ചെയ്തുകൊണ്ട് തെക്കൻ ഏഷ്യയിലെ സ്ത്രീകളുടെ ഉന്നമനത്തിനായി വിവിധ സംഘടനകളുമായി ചേർന്ന് സോമി അലി പ്രവർത്തിച്ചു. പിന്നീടാണ് നോ മോർ ടിയേഴ്‌സ് സ്ഥാപിക്കുന്നത്. അമേരിക്കൻ ഹെറിറ്റേജ് പുരസ്‌കാരം, ദെ ഡൈലി പോയിന്റ് ഓഫ് ലൈറ്റ് പുരസ്‌കാരം എന്നിങ്ങനെ ഒട്ടേറെ അംഗീകാരങ്ങൾ ഈ സംഘടന നേടിയിട്ടുണ്ട്.