കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ കൊച്ചി വിമാനത്താവളത്തിനു സമീപം. അതിനു ശേഷം മൊബൈല്‍ ഫോണുകള്‍ ഓഫ് ആയതിനാല്‍ പൊലീസിനു വിവരം ലഭിച്ചിട്ടില്ല. അതേസമയം സിദ്ദിഖിനെ കണ്ടെത്താന്‍ സിനിമാ രംഗത്തും പുറത്തുമുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്, പൊലീസ് സംഘം.
ഹൈക്കോടതി സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഇരുപത്തിനാലു മണിക്കൂറോളം പിന്നിട്ടിട്ടും നടനെക്കുറിച്ച് സൂചനയൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്നലെ വരുമെന്ന് അറിവുണ്ടായിട്ടും പൊലീസ് മുന്‍കരുതല്‍ നടപടികള്‍ എടുത്തില്ലെന്ന വിമര്‍ശനവും ശക്തമാണ്.
അതേസമയം ഉടന്‍ അറസ്റ്റ് എന്നൊരു സാധ്യത ഈ കേസില്‍ പരിഗണിച്ചിട്ടില്ലെന്ന്, അന്വേഷണ സംഘത്തെ ഉദ്ധരിച്ചുകൊണ്ടുള്ള ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സിദ്ദിഖ് ഇന്നു സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് സൂചന. ഇന്നലെ മുതിര്‍ന്ന അഭിഭാഷകരുമായി സിദ്ദിഖുമായി അടുപ്പമുള്ളവര്‍ ചര്‍ച്ച നടത്തിയിരുന്നു.
അതിനിടെ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട്, പരാതിക്കാരിയായ നടി സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കി. സിദ്ദിഖിനെതിരെ സര്‍ക്കാരും തടസ്സ ഹര്‍ജിയുമായിയ കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്.