കുവൈറ്റ് സിറ്റി: കുവൈറ്റിൽ തൂക്കിലേറ്റപ്പെടുന്നതിന് തൊട്ടുമുമ്പ് യുവതിക്ക് ജീവിതത്തിലേക്കുള്ള വഴിതുറന്നു. സൃഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട സ്വദേശിനിയായ യുവതിയാണ് തൂക്കുകയറിൽ നിന്നും അവസാനനിമിഷം രക്ഷപെട്ടത്. ഇന്നായിരുന്നു യുവതിയുടെ വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. എന്നാൽ, യുവതിയുടെ ബന്ധുക്കള്‍ ദയാധനം നല്‍കാന്‍ തയാറായതിനാൽ അവസാന നിമിഷം അവരുടെ ശിക്ഷ റദ്ദാക്കി.
രാജ്യ ദ്രോഹം, തീവ്രവാദം, കൊലപാതകം, ലഹരിമരുന്ന് കച്ചവടം എന്നീ കേസുകളിൽ കുവൈത്തില്‍ ഇന്ന് രാവിലെ ആറ് പേരെ തൂക്കിലേറ്റി . മൂന്ന് കുവൈത്ത് പൗരന്മാര്‍, രണ്ട് ഇറാന്‍ സ്വദേശികള്‍ ഒരു പാക്കിസ്ഥാന്‍ പൗരന്‍ എന്നിവർക്കാണ് വധശിക്ഷ നടത്തിയത്. ക്രിമിനല്‍ എക്സിക്യൂഷന്‍ പ്രോസിക്യൂഷന്‍, ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കറക്ഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ്, ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സിന്റെയും എന്നിവർ ചേർന്നാണ് ഇത്തരത്തിലുള്ള ഒരു നടപടി എടുത്തത്.
രാജ്യ ദ്രോഹം, തീവ്രവാദം, കൊലപാതകം, ലഹരിമരുന്ന് കച്ചവടം തുടങ്ങിയ വിവിധ ക്രിമിനല്‍ കേസുകളില്‍ കോടതി വഴി ശിക്ഷിക്കപ്പെട്ടവരാണിവര്‍. ഏഴ് പ്രതികളുടെ വധശിക്ഷ ഇന്ന് നടപ്പാക്കാനാണ് കോടതി ഉത്തരവ് പ്രകാരം ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചിരുന്നതായി അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ജൂലായ് 27-നാണ് രാജ്യത്ത് അവസാനമായി വധശിക്ഷ നടപ്പിലാക്കിയത്. അഞ്ചു പേരെയാണ് അന്ന് തൂക്കിലേറ്റിയത്. ഒരു സ്വദേശി പൗരന്‍, രണ്ട് ബെദൂനികള്‍ (പൗരത്വമില്ലാത്ത പട്ടികയില്‍ ഉള്ളവര്‍), ഒരു ഈജിപ്തുകാരന്‍, ഒരു ശ്രീലങ്കക്കാരന്‍ എന്നിങ്ങനെ അഞ്ചു പേരുടെ വധശിക്ഷയാണ് അന്ന് നടപ്പാക്കിയത്. കൂടാതെ, കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍, ഒരു ഇന്ത്യക്കാരനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ഇയാളുടെ വിഷയത്തില്‍ അവസാന ഘട്ടത്തില്‍ എംബസിയുടെ അടിയന്തരമായ ഇടപെടലില്‍ വധശിക്ഷ താല്‍ക്കാലികമായി മാറ്റുകയായിരുന്നു.
ഇന്ത്യക്കാരനായ തമിഴ്നാട് സ്വദേശി അൻപുദാസന്‍ നടേശൻ കഴിഞ്ഞ വര്‍ഷം തൂക്കിലേറ്റിയവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഒരു ശ്രീലങ്കന്‍ യുവതിയെ കൊന്ന കേസിലാണ് അൻപുദാസന്‍ ജയിലിലായത്. അൻപുദാസന്റെ ശിക്ഷ നടപ്പാക്കുന്നത് അറിഞ്ഞ എംബസി ജീവനക്കാര്‍ അൻപുദാസനെ നേരില്‍ കണ്ടു. അപ്പോഴാണ് എംബസ്സിയിലോ കുവൈത്ത് അധികൃതരെയോ അറിയിക്കാതെ നാട്ടില്‍ നിന്നും ദയാധനം നല്‍കി കൊല്ലപ്പെട്ട ശ്രീലങ്കൻ സ്വദേശിനിയുടെ കുടുംബത്തില്‍ നിന്ന് മാപ്പ് അപേക്ഷയ്ക്കുള്ള നീക്കം നടക്കുന്ന കാര്യം അറിയുന്നത്. ഇതെതുടർന്ന് ഉടന്‍തന്നെ കുവൈത്ത് അധികൃതരെ അറിയിച്ച് ശിക്ഷ മരവിപ്പിച്ചു.