ടോക്കിയോ: ജപ്പാൻ രാജകുടുംബത്തിൽ നാലു പതിറ്റാണ്ടിനിടെ ആദ്യമായി ഒരു പുരുഷൻ പ്രായപൂർത്തിയായി. നിലവിലെ ചക്രവർത്തി നരുഹിതോയുടെ അനന്തരവനായ ഹിസാഹിതോ രാജകുമാരനാണ് 18 വയസ് പൂർത്തിയായിരിക്കുന്നത്. വെള്ളിയാഴ്ച്ച 18 വയസ് പൂർത്തിയായതോടെ ജപ്പാന്റെ അടുത്ത കിരീടാവകാശിയായി ഹിസാഹിതോ രാജകുമാരൻ മാറും. ജനസംഖ്യാ കുറവു കാരണം രാജകുടുബത്തിലും ആളുകൾ കുറയുകയാണ്.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ അകാല വാർദ്ധക്യവും ജനസംഖ്യയിലെ കുറവും രാജകുടുംബത്തെയും ബാധിക്കുന്നുണ്ട്. 17 അംഗങ്ങളാണ് നിലവിൽ രാജകുടുംബത്തിലുള്ളത്. ഇവരിൽ നാല് പുരുഷൻമാർ മാത്രമേയുള്ളൂ. ഇതിൽ ഏറ്റവും ഇളയ ആളാണ് ജാപ്പനീസ് ചക്രവർത്തി നരുഹിതോയുടെ അനന്തരവനായ ഹിസാഹിതോ. രാജകുടുംബത്തിൽ ഏകദേശം നാല് പതിറ്റാണ്ടിനിടെ പ്രായപൂർത്തിയാകുന്ന ആദ്യ പുരുഷനാണ് ഹിസാഹിതോ. ഹിസാഹിതോയുടെ പിതാവും കിരീടാവകാശിയുമായ അക്കിഷിനോയാണ് ഇതിനുമുൻപ് പ്രായപൂർത്തിയായ അവസാന പുരുഷൻ. 1985-ൽ ആയിരുന്നു അത്.
ഒരു സഹസ്രാബ്ദത്തിലേറെ ഭരിച്ച രാജകുടുംബത്തെ സംബന്ധിച്ചിടത്തോളം പുരുഷ രാജകുടുംബാംഗത്തിന് മാത്രമെ അനന്തരാവകാശിയാകാൻ യോഗ്യതയുള്ളൂ. 1947-ലെ ഇംപീരിയൽ ഹൗസ് നിയമപ്രകാരം പുരുഷനുമാത്രമേ ചക്രവർത്തിയാകാൻ കഴിയൂ. മാത്രമല്ല, രാജകുടുംബത്തിലെ സ്ത്രീകൾ സാധാരണക്കാരെ വിവാഹം കഴിക്കുകയാണെങ്കിൽ അവരുടെ രാജപദവിയും നഷ്ടപ്പെടും. നരുഹിതോയുടെയും ഭാര്യ മസാക്കോയുടെയും ഏക മകളായ എയ്‌ക്കോയെ അധികാരത്തിലേറാൻ ഈ നിയമങ്ങൾ അനുവദിക്കുന്നില്ല.