ഒരു ചാള വറുത്തതിന് 4060 രൂപ! കൊച്ചിയിലെ ഹോട്ടലിലെ ബില്ല് കണ്ട് കണ്ണുതള്ളരുത്…

0

കൊച്ചി: മലയാളിയെ സംബന്ധിച്ച് ഊണിനൊപ്പം ഒരു മീൻകൂടി കിട്ടിയാൽ ഊണ് കുശാലായി. സാധാരണക്കാരനെ സംബന്ധിച്ച് മീൻ വിഭവങ്ങളിൽ ചാള വലിയ പ്രാധാന്യമുള്ളതാണ്. മിക്ക സമയങ്ങളിലും ലഭ്യമാണ് എന്നതും മറ്റു മീനുകളെ അപേക്ഷിച്ച് വിലക്കുറവാണ് എന്നതുമാണ് ചാളയെ മലയാളിക്ക് പ്രിയപ്പെട്ടതാക്കുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായത് കൊച്ചിയിലെ ഒരു ഹോട്ടലിൽ ചാള വറുത്തതിനിട്ട ബില്ലാണ്. ഒരു ചാള വറുത്തതിന് 4060 രൂപയാണ് ബില്ലിൽ പ്രിന്റ് ചെയ്തത്. ഈ ബില്ല് സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് വൈറലായത്.

കൊച്ചിയിലെ അമൃത ഹോസ്പിറ്റലിന് സമീപത്തുള്ള പോണേക്കരയിലെ ന്യൂ മലബാർ റസ്‌റ്റോറന്റിലെ ബില്ലാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. ഇവിടെ നിന്നും നിന്ന് 70 രൂപ വിലയുള്ള രണ്ട് ഊണ്, 140 രൂപ ഈടാക്കുന്ന ഒരു ബീഫ് ബിരിയാണി പിന്നെ ഒരു ചാള വറുത്തത് എന്നിവയാണ് ഓർഡർ ചെയ്ത് കഴിച്ചത്. ഒടുവിൽ ബില്ല് വന്നപ്പോൾ അതിൽ ചാള വറുത്തതിന് അടിച്ചിരിക്കുന്ന വിലയാകട്ടെ 4060 രൂപയും. ബില്ലിന്റെ ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലാകുകയും ചെയ്തു.

കേരളത്തിലെ ഒരു സാധാരണ ഹോട്ടലിൽ ഒരു ചാള വറുത്തതിന് 4060 രൂപയോ, സ്റ്റാർ ഹോട്ടലിലെ ഷെഫ് തയ്യാറാക്കുന്നതിന് പോലും ഈ വില വരില്ലല്ലോ, അതെന്താ സ്വർണം കൊണ്ടാണോ കറി ഉണ്ടാക്കിയത്. ഇനി മത്തിക്ക് വില കൂടി നിന്നപ്പോൾ ഉള്ള മീനാണോ, തുടങ്ങി നിരവധി കമന്റുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. എന്നാൽ ബിൽ പ്രിന്റ് ചെയ്തപ്പോഴുള്ള സാങ്കേതിക തകരാറാണ് വില ഇത്രയും കൂടുതലായി കാണിക്കുന്നതിന് കാരണമെന്ന് കമന്റ് ബോക്‌സിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും.

‘ഇത്തരത്തിൽ സാങ്കേതിക പിഴവ് വന്നുവെങ്കിൽ ആ ബില്ല് കസ്റ്റമറിന് കൊടുത്ത പ്രവർത്തിയേയും വിമർശിക്കുന്നവരുണ്ട്. പ്രായമായവരോ അല്ലെങ്കിൽ മറ്റേതെങ്കിലും സംസ്ഥാനങ്ങളിൽ നിന്ന് വന്നവരോ ആണെങ്കിൽ എന്ത് ചെയ്യുമായിരുന്നു തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നുണ്ട്.

Leave a Reply