ഗുവാഹാട്ടി: അസമിലെ 2,200 കോടിയുടെ സാമ്പത്തിക നിക്ഷേപത്തട്ടിപ്പിന് പിന്നിലെ ബുദ്ധികേന്ദ്രം വെറും 22 വയസുള്ള യുവാവ്. ബിഷാൽ ഫുക്കാൻ എന്ന ഇരുപത്തിരണ്ടുകാരനാണ് വൻ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്നും വൻ തുകകൾ തട്ടിയെടുത്തത്. ഇയാളെയും ഇയാളുടെ മാനേജർ ബിപ്ലബിനെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിഷാലുമായി ബന്ധമുള്ള ബിഷാലുമായി ബന്ധമുള്ള സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറും നൃത്തസംവിധായകയുമായ സുമി ബോറ എന്ന യുവതി ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പൊലീസ് വ്യക്തമാക്കി.
ആരെയും അമ്പരപ്പിക്കുന്ന തരത്തിലാണ് ബിഷാൽ തട്ടിപ്പ് നടത്തിയത്. ഓഹരിവ്യാപാരത്തിന്റെ പേരിലാണ് ബിഷാൽ വൻതുകകൾ കൈക്കലാക്കിയിരുന്നതെന്നാണ് റിപ്പോർട്ട്. നിക്ഷേപം നടത്തിയാൽ രണ്ടുമാസത്തിനുള്ളിൽ 30 ശതമാനത്തിലേറെ ലാഭമാണ് ഇയാൾ വാഗ്ദാനംചെയ്തിരുന്നത്. അസം, അരുണാചൽ എന്നീ സംസ്ഥാനങ്ങളിലായി നിരവധിപേർ ഇത്തരത്തിൽ തട്ടിപ്പിനിരയായെന്നാണ് വിവരം.
ഗുവാഹാട്ടിയിലെ ഡി.ബി. സ്റ്റോക്ക് ബ്രോക്കിങ് കമ്പനിയുടെ ഉടമയായ ദീപാങ്കർ ബർമൻ എന്നയാളെ കാണാതായതിന് പിന്നാലെയാണ് ബിഷാലിന്റെ നിക്ഷേപപദ്ധതികളിലേക്കും അന്വേഷണമെത്തിയത്. ബിഷാലിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയതോടെ പണം തിരികെനൽകുമെന്നും നിക്ഷേപങ്ങളെല്ലാം സുരക്ഷിതമാണെന്നും ഇയാൾ സാമൂഹികമാധ്യമങ്ങളിലൂടെ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇതിനുപിന്നാലെ ദിബ്രുഘട്ട് പോലീസ് യുവാവിന്റെ വീട്ടിൽ റെയ്ഡ് നടത്തി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി രേഖകൾ ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തതായാണ് വിവരം. ആറ് ഐഫോണുകളും വിദേശകറൻസിയും റെയ്ഡിൽ പിടിച്ചെടുത്തു. തുടർന്നാണ് ബിഷാലിനെയും മാനേജരെയും കസ്റ്റഡിയിലെടുത്തത്.
2200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ ബിഷാൽ തന്റെ ആഡംബരജീവിതരീതിയിലൂടെയാണ് നിക്ഷേപകരെ ആകർഷിച്ചിരുന്നത്. ഇരുപത്തിരണ്ടുകാരനായ താൻ ഇത്രയും ഉയർന്നനിലയിൽ ജീവിക്കുന്നത് നിക്ഷേപത്തിലൂടെ ലഭിക്കുന്ന ലാഭംകൊണ്ടാണെന്നായിരുന്നു ഇയാൾ പ്രചരിപ്പിച്ചിരുന്നത്. അതേസമയം, തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം കൊണ്ട് യുവാവ് നാല് കമ്പനികൾ സ്വന്തമായി സ്ഥാപിച്ചെന്നാണ് റിപ്പോർട്ട്. ഔഷധനിർമാണത്തിലും കെട്ടിടനിർമാണ മേഖലയിലുമാണ് ഇയാൾ പണം മുടക്കി സ്വന്തം കമ്പനികൾ ആരംഭിച്ചത്. ഇതിനുപുറമേ ഒട്ടേറെ ഭൂമി വാങ്ങിക്കൂട്ടിയതായും അസമിലെ സിനിമാമേഖലയിലടക്കം പണം മുടക്കിയതായും റിപ്പോർട്ടുകളിൽ പറയുന്നു.