ന്യൂഡൽഹി: 2025 ലെ പദ്മ പുരസ്കാരങ്ങൾക്കായുള്ള നാമനിർദ്ദേശങ്ങൾ ഓൺലൈനായി സെപ്തംബർ 15 വരെ സമർപ്പിക്കാം. മെയ് ഒന്ന് മുതൽ നാമനിർദ്ദേശം സ്വീകരിക്കാൻ ആരംഭിച്ചിരുന്നു.
2025 ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പുരസ്കാരം പ്രഖ്യാപിക്കുക. പത്മവിഭൂഷൺ, പദ്മഭൂഷൺ, പദ്മശ്രീ തുടങ്ങിയവയ്ക്ക് നാമനിർദ്ദേശം സമർപ്പിക്കാം.
രാഷ്ട്രീയ പുരസ്കാര പോർട്ടലിൽ (https://awards.gov.in) ഓൺലൈനായി നാമനിർദ്ദേശങ്ങൾ നൽകാം. 1954 ലാണ് പദ്മ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്.
കല, സാഹിത്യം & വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹിക സേവനം, ശാസ്ത്രം & എഞ്ചിനീയറിംഗ്, പൊതുകാര്യങ്ങൾ, സിവിൽ സർവീസ്, വ്യാപാരം & വ്യവസായം തുടങ്ങിയ മേഖലകളിൽ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങളോ സേവനമോ കാഴ്ചവച്ചവർക്കാണ് അവാർഡ് നൽകുന്നത്.
എല്ലാ വ്യക്തികളും ഈ അവാർഡിന് അർഹരാണ്. ഡോക്ടർമാരും ശാസ്ത്രജ്ഞരും ഒഴികെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ സർക്കാർ ജീവനക്കാർക്ക് പദ്മ അവാർഡിന് അർഹതയില്ല.
സ്ത്രീകൾ, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ, പട്ടികജാതി-പട്ടികവർഗക്കാർ, സമൂഹത്തിന് നിസ്വാർത്ഥ സേവനം നൽകുന്നവർ, ദിവ്യാംഗർ എന്നിവരിൽ നിന്ന് അർഹരായവരെ പുരസ്കാരത്തിന് ശുപാർശ ചെയ്യണമെന്ന് സർക്കാർ അഭ്യർത്ഥിച്ചു.
പദ്മ പുരസ്കാരങ്ങൾ പീപ്പിൾസ് പദ്മയാക്കി മാറ്റാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ പുരസ്കാരം നേടിയവരുടെ കാര്യം തന്നെയാണ് സർക്കാർ ഇക്കാര്യത്തിൽ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. ജനങ്ങൾക്കിടയിൽ നിസ്വാർത്ഥ സേവനം നൽകിയ പുറംലോകം തിരിച്ചറിയപ്പെടാതെ പോകുന്ന നിരവധി പേരാണ് ഈ പുരസ്കാര നേട്ടത്തിലൂടെ രാജ്യം ശ്രദ്ധിക്കപ്പെടുന്ന വ്യക്തികളായി മാറിയത്.
ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ (https://mha.gov.in) വെബ്സൈറ്റിലും പത്മ അവാർഡ് പോർട്ടലിലും (https://padmaawards.gov.in) ‘അവാർഡുകളും മെഡലുകളും’ എന്ന തലക്കെട്ടിൽ ലഭ്യമാണ്. ഈ അവാർഡുകളുമായി ബന്ധപ്പെട്ട ചട്ടങ്ങൾ https://padmaawards.gov.in/AboutAwards.aspx എന്ന ലിങ്കിനൊപ്പം വെബ്സൈറ്റിൽ ലഭ്യമാണ്. ആഖ്യാന രൂപത്തിൽ പരമാവധി 800 വാക്കുകളുടെ അവലംബം ഉൾപ്പെടെ, അതത് മേഖലയിൽ ശുപാർശ ചെയ്യുന്ന വ്യക്തിയുടെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങൾ / സേവനം വ്യക്തമായി രേഖപ്പെടുത്തണം”