വിവാദങ്ങള്‍ക്കിടയിലും വില്‍പ്പന തകൃതി; നാലുദിവസത്തിനിടെ വിറ്റത് 14 ലക്ഷം തിരുപ്പതി ലഡു

0

ഹൈദരാബാദ്: തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ ഏറ്റുമുട്ടലിനിടെ, പ്രതിദിനം 60,000 തീര്‍ഥാടകര്‍ വരുന്ന തിരുപ്പതി ക്ഷേത്രത്തില്‍ ലഡു വില്‍പ്പനയെ ബാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. നാല് ദിവസത്തിനിടെ 14 ലക്ഷത്തിലധികം തിരുപ്പതി ലഡു വിറ്റഴിച്ചതായി ക്ഷേത്ര ഭരണസമിതി അറിയിച്ചു.

സെപ്റ്റംബര്‍ 19 ന് 3.59 ലക്ഷം ലഡുവും സെപ്റ്റംബര്‍ 20 ന് 3.17 ലക്ഷവും സെപ്റ്റംബര്‍ 21 ന് 3.67 ലക്ഷവും സെപ്റ്റംബര്‍ 22 ന് 3.60 ലക്ഷവും വിറ്റതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വില്‍പ്പന കണക്കുകള്‍ പ്രതിദിന ശരാശരിയായ 3.50 ലക്ഷം ലഡുവുമായി പൊരുത്തപ്പെടുന്നതായും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ദിവസവും മൂന്ന് ലക്ഷത്തിലധികം ലഡുവാണ് ക്ഷേത്രത്തില്‍ തയ്യാറാക്കുന്നത്. ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ വന്‍തോതിലാണ് ലഡു വാങ്ങി കൊണ്ടുപോകുന്നത്. തിരുപ്പതി ലഡുവിന്റെ ചേരുവകളില്‍ ബംഗാള്‍ ഗ്രാം, പശു നെയ്യ്, പഞ്ചസാര, കശുവണ്ടി, ഉണക്കമുന്തിരി, ബദാം എന്നിവ ഉള്‍പ്പെടുന്നു. ദിവസവും 15,000 കിലോ പശുവിന്‍ നെയ്യാണ് ലഡു തയ്യാറാക്കാന്‍ ഉപയോഗിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഭരണകാലത്ത് തിരുപ്പതി ലഡു തയാറാക്കാന്‍ ഉപയോഗിച്ചിരുന്ന നെയ്യില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തിരുന്നതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ആരോപിച്ചതിനെ തുടര്‍ന്നാണ് തിരുപ്പതി ക്ഷേത്രം വന്‍ വിവാദത്തിന്റെ കേന്ദ്രമായത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഭരണകക്ഷിയായ ടിഡിപി മതപരമായ കാര്യങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നാണ് മുന്‍ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി ആരോപിച്ചത്.

Leave a Reply