ഹൈദരാബാദ്: മയിലിനെ കറി വയ്ക്കുന്നതിന്റെ വിഡിയോ പോസ്റ്റ് ചെയ്ത തെലങ്കാനയിലെ യൂട്യൂബർക്കെതിരെ കേസെടുത്ത് പൊലീസ്. പരമ്പരാഗത മയിൽ കറി റെസിപ്പി എന്ന് പേരിട്ടിരുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് യൂട്യൂബർക്കെതിരെ കേസെടുത്തത്. തെലങ്കാനയിലെ രാജണ്ണ സിറിസില ജില്ലയിലെ തങ്കല്ലപ്പള്ളി സ്വദേശി പ്രണയ്കുമാറിനെതിരെയാണ് നടപടി.
വനംവകുപ്പ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി. ഫോറൻസിക് പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ശനിയാഴ്ചയാണ് ഇയാൾ വിഡിയോ പോസ്റ്റ് ചെയ്തത്. വിഡിയോ വൈറലായതിന് പിന്നാലെ ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മൃഗ സംരക്ഷണ പ്രവർത്തകരടക്കം രംഗത്തെത്തിയിരുന്നു.
ഇതേത്തുടർന്ന് പ്രണയ്കുമാറിന്റെ യൂട്യൂബ് ചാനലിൽ നടത്തിയ പരിശോധനയിൽ കാട്ടുപന്നിയെ കറി വെക്കുന്ന വിഡിയോയും പൊലീസ് കണ്ടെത്തി. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് രാജണ്ണ സിറിസില ജില്ലാ എസ്പി അഖില മഹാജൻ പറഞ്ഞു.അതേസമയം പ്രണയ്കുമാറിന്റെ യൂട്യൂബ് ചാനലിൽ നിന്നും ഈ വിഡിയോകൾ ഉദ്യോഗസ്ഥർ നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.