‘എനിക്കും കൊല്‍ക്കത്തയിലെ ഡോക്ടറുടെ അനുഭവം ഉണ്ടാവുമോ?’, ജീവന് ഭീഷണിയുള്ളതായി വനിതാ ഡോക്ടര്‍; സഹപ്രവര്‍ത്തകനെതിരെ ഗുരുതര ആരോപണം

0

ജയ്പൂര്‍: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യം മുഴുവന്‍ പ്രതിഷേധം ആളിക്കത്തവേ, സമാനമായ അനുഭവം തനിക്കും ഉണ്ടാവുമോ എന്ന ഭയം പങ്കുവെച്ച് ജയ്പൂരിലെ വനിതാ ഡോക്ടര്‍. ജയ്പൂരിലെ സവായ് മാന്‍സിങ് (എസ്എംഎസ്) മെഡിക്കല്‍ കോളേജിലെ വനിതാ റസിഡന്റ് ഡോക്ടര്‍, കൂടെ ജോലി ചെയ്യുന്ന മറ്റൊരു റസിഡന്റ് ഡോക്ടര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ആണ് സ്വന്തം ജീവന് ഭീഷണിയുള്ളതായുള്ള ആശങ്ക രേഖപ്പെടുത്തിയത്.

‘കോളജിലെ ഒരു റസിഡന്റ് ഡോക്ടര്‍ സ്ത്രീകളെ ഒരു വസ്തുവായാണ് കാണുന്നത്. അയാള്‍ ഒരു സ്ത്രീലമ്പടനാണ്. അവന്റെ യഥാര്‍ത്ഥ സ്വഭാവം തുറന്നുകാട്ടാന്‍ ഞാന്‍ ധൈര്യം സംഭരിക്കുകയാണ്. എന്റെ ജോലിസ്ഥലത്ത് എനിക്ക് ഒട്ടും സുരക്ഷിതത്വം തോന്നുന്നില്ല. കാരണം അവന്‍ എന്നെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി. അയാള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ട്.’- ഡോക്ടര്‍മാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സഹപ്രവര്‍ത്തകനെതിരെ വനിതാ ഡോക്ടര്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ ചര്‍ച്ചയാവുകയാണ്.’എന്തെങ്കിലും മോശമായത് സംഭവിക്കുന്നത് വരെ ഞാന്‍ കാത്തിരിക്കണോ? അത് എന്തും ആകാം, ബലാത്സംഗം മുതല്‍ കൊലപാതകം വരെ. എനിക്ക് എന്തെങ്കിലും മോശം സംഭവിച്ചാല്‍, അവനാണ് പൂര്‍ണ്ണ ഉത്തരവാദി. അത്തരം കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അടുത്ത നിര്‍ഭയ ആകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’- വനിതാ ഡോക്ടര്‍ കുറിച്ചു.

രാജസ്ഥാനിലെ ആരോഗ്യരംഗത്ത് വനിതാ ഡോക്ടറുടെ ആരോപണങ്ങള്‍ വലിയ ഞെട്ടലാണ് ഉളവാക്കിയത്. ഞായറാഴ്ച രാത്രി കോളജ് അഡ്മിനിസ്‌ട്രേഷന്‍ വിവരം പൊലീസിനെ അറിയിച്ചു. സംഭവത്തെ കുറിച്ച് കോളജ് പ്രിന്‍സിപ്പല്‍ വിവരം അറിയിച്ചതായും കുടുംബത്തോടൊപ്പം കഴിയുന്ന യുവതി സുരക്ഷിതയാണെന്നും എസ്എംഎസ് കോളജ് പൊലീസ് സ്‌റ്റേഷന്‍ അറിയിച്ചു.

Leave a Reply