‘ആശയക്കുഴപ്പത്തിനിടയാക്കും’; യുജിസി- നെറ്റ് പരീക്ഷ റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി

0

ന്യൂഡല്‍ഹി: യുജിസി- നെറ്റ് പരീക്ഷ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഹര്‍ജി ഈ ഘട്ടത്തില്‍ അനുവദിച്ചാല്‍ അത് ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു.ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയത്. കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഏതാനും പരീക്ഷാര്‍ത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഓഗസ്റ്റ് 21 ന് സര്‍ക്കാര്‍ വീണ്ടും പരീക്ഷ നടത്തുകയാണ്. ഒമ്പത് ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. അവരെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

ആ ഘട്ടത്തില്‍ കോടതി ഇടപെടുന്നത് സമ്പൂര്‍ണ ആശയക്കുഴപ്പത്തിനേ ഇടയാക്കൂ. നീറ്റ്- യുജി വിവാദത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഇരട്ടി ജാഗ്രത പുലര്‍ത്തി. അതിനാല്‍ പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്തുന്നു. ആ പ്രക്രിയ തുടരട്ടെയെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. നേരത്തെ നീറ്റ്-യുജി പരീക്ഷയുമായി ബന്ധപ്പെട്ട് ഒരു അഭിഭാഷകന്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.

നീറ്റ്-യുജി പരീക്ഷയില്‍ അഭിഭാഷകന് എന്താണ് കാര്യമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ആക്ഷേപമുണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ വരട്ടെ. ഈ പൊതുതാല്‍പ്പര്യ ഹര്‍ജിക്ക് മെരിറ്റ് ഇല്ലെന്നും തള്ളുകയാണെന്നും ചീഫ് ജസ്റ്റിസ് അഭിഭാഷകനെ അറിയിച്ചു. അഭിഭാഷകന്‍ ജോലിയുമായി ബന്ധപ്പെട്ട് കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനും കോടതി ഉപദേശിച്ചിരുന്നു.

Leave a Reply