ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുകയ്ക്കായി ഭാര്യയെ പാമ്പിന്‍വിഷം കുത്തിവെച്ച് കൊന്നു. ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ സഹോദരിയെ ഭര്‍ത്താവ് കൊലപ്പെടുത്തുകയായിരുന്നു എന്ന സഹോദരന്റെ പരാതിയാണ് കേസില്‍ നിര്‍ണായകമായത്.
ഓഗസ്റ്റ് 11ന് ഉധം സിങ് നഗറിലാണ് കേസിനാസ്പദമായ സംഭവം. ശുഭം ചൗധരിയാണ് ഭാര്യ സലോണി ചൗധരിയെ കൊലപ്പെടുത്തിയത്. ഇന്‍ഷുറന്‍സ് തുകയ്ക്കായി സലോണിയെ ശുഭം ചൗധരി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സഹോദരന്‍ അജിത് സിങ് ആണ് പൊലീസില്‍ പരാതി നല്‍കിയത്. കൂടാതെ സലോണിയെ ഭര്‍ത്താവ് മാനസികമായും ശാരീരികമായും പീഡിച്ചിരുന്നതായും പരാതിയില്‍ ആരോപിക്കുന്നു.പീഡനം സഹിക്കാന്‍ വയ്യാതെ സലോണി വിവാഹ മോചനം തേടിയിരുന്നു. നാലുവര്‍ഷം മുന്‍പ് ശുഭത്തിന്റെ വിവാഹേതര ബന്ധം തിരിച്ചറിഞ്ഞതും ഇവര്‍ തമ്മിലുള്ള ബന്ധം വഷളാവാന്‍ ഇടയാക്കിയതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
സംഭവത്തിന് ഒരു മാസം മുന്‍പ് ആണ് ഭാര്യയുടെ പേരില്‍ 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തത്. ശുഭത്തെയാണ് നോമിനിയായി കാണിച്ചിരുന്നത്. പ്രീമിയമായി രണ്ടുലക്ഷം രൂപ ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കിയതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ശുഭം ചൗധരിക്കെതിരെ കൊലപാതക കുറ്റം ചുമത്തി വിശദമായ അന്വേഷണം നടത്തിവരികയാണ് പൊലീസ്.