‘ഇത്ര വെപ്രാളം എന്തിനാണ്? സമയമാവട്ടെ, റിപ്പോര്‍ട്ട് പുറത്തു വരും’

0

തിരുവല്ല: മലയാള സിനിമാ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പൊന്നുമില്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ട് പുറത്തു വിടാന്‍ ഹൈക്കോടതി ഉത്തരവുണ്ട്. സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ (എസ്പിഐഒ) ആണ് അതു പുറത്തുവിടേണ്ടത്. സമയമാവുമ്പോള്‍ അതു പുറത്തുവിടുമെന്നാണ് കരുതുന്നതെന്ന് സജി ചെറിയാന്‍ പറഞ്ഞു.

റിപ്പോര്‍ട്ട് പുറത്തു വിടുന്നതില്‍ സര്‍ക്കാരിനോ സാംസ്‌കാരിക വകുപ്പിനോ പങ്കൊന്നുമില്ല. എസ്പിഐഒയ്ക്കാണ് വിവരാവകാശ കമ്മിഷനും ഹൈക്കോടതിയും ഉത്തരവ് നല്‍കിയിട്ടുള്ളത്. റിപ്പോര്‍ട്ട് പുറത്തു വിടാന്‍ ഹൈക്കോടതി പറഞ്ഞ സമയം ആയിട്ടില്ല. സമയം ആവുമ്പോള്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്. അതില്‍ ഇത്ര വെപ്രാളപ്പെടുന്നത് എന്തിനെന്ന് സജി ചെറിയാന്‍ ചോദിച്ചു.ഈ രാജ്യത്തെ ജനങ്ങളെല്ലാം അറിയേണ്ട കാര്യങ്ങളൊന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലില്ല. അതുകൊണ്ടാവും അതു പുറത്തുവിടാത്തത്. റിപ്പോര്‍ട്ടിലെ പ്രസക്തമായ കാര്യങ്ങള്‍ മാത്രമാണ് സര്‍ക്കാരിനു മുന്നിലേക്കു വന്നത്. റിപ്പോര്‍ട്ടില്‍ ഉണ്ടെന്നു പറയപ്പെടുന്ന മറ്റു കാര്യങ്ങളൊന്നും തനിക്കറിയില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞു.

റിപ്പോര്‍ട്ട് ഇന്നു പുറത്തുവിടുമെന്ന് സര്‍ക്കാരോ സാംസ്‌കാരിക വകുപ്പോ പറഞ്ഞിട്ടില്ല. വകുപ്പിന് അതില്‍ റോളൊന്നുമില്ല. റിപ്പോര്‍ട്ടില്‍ പറയുന്ന ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തു വരികയാണെന്നും മന്ത്രി അറിയിച്ചു.

ഹേമ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഒരു കോടിയിലേറെ രൂപയാണ് ചെലവഴിച്ചതെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍, മലയാള സിനിമയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അതൊരു വലിയ തുകയായി കാണുന്നില്ലന്ന് മന്ത്രി പറഞ്ഞു.

Leave a Reply