സിദ്ദിഖിന് പകരം ആര്?; അമ്മയുടെ നിര്‍ണായക എക്‌സിക്യൂട്ടീവ് നാളെ; ആരോപണം ഉന്നയിച്ചവരുടെ മൊഴിയെടുക്കാന്‍ പൊലീസ്

0

കൊച്ചി: ലൈംഗിക ആരോപണം ഉയര്‍ന്നതോടെ നടന്‍ സിദ്ദിഖ് രാജിവെച്ചതിനെത്തുടര്‍ന്ന് പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്താനായി താരസംഘടനയായ അമ്മയുടെ നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗം നാളെ കൊച്ചിയില്‍ ചേരും. സിദ്ദിഖ് ഒഴിഞ്ഞതിനെത്തുടര്‍ന്ന് ജോയിന്റ് സെക്രട്ടറി ബാബുരാജിനാണ് താത്കാലിക ചുമതല നല്‍കിയിട്ടുള്ളത്. താരങ്ങളില്‍ പലര്‍ക്കും നേരെയുള്ള ആരോപണങ്ങളെത്തുടര്‍ന്ന് സംഘടന കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.സിനിമാ ചിത്രീകരണം പൂര്‍ത്തിയാക്കി സിദ്ദിഖ് ഊട്ടിയില്‍ നിന്ന് ഇന്ന് കൊച്ചിയില്‍ മടങ്ങി എത്തുമെന്നാണ് വിവരം. സിദ്ദിഖിനെതിരെ പോക്‌സോ കേസ് ചുമത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. സിനിമയിലെ പ്രമുഖര്‍ക്കെതിരെ ആരോപണം ഉയര്‍ന്നതോടെ, അന്വേഷണത്തിനായി സര്‍ക്കാര്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചതോടെ പൂര്‍ണമായും നിയമ വഴിയില്‍ നീങ്ങാനാണ് സംഘടനയുടെ തീരുമാനം. അതേസമയം സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം നാളെ യോഗം ചേരും. പരസ്യമായി ആരോപണം ഉന്നയിച്ചവരുടെ മൊഴിയെടുക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും സംഘം പരിശോധിക്കും.

ഐ ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൽ, വനിതാ പൊലീസ് ഓഫീസര്‍മാരായ ഡിഐജി എസ് അജീത ബീഗം, എസ് പി മെറിന്‍ ജോസഫ്, എഐജി ജി പൂങ്കുഴലി, കേരള പൊലീസ് അക്കാദമി അസി. ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്‌റെ എന്നിവരും എഐജി അജിത്ത് വി, എസ്പി എസ് മധുസൂദനന്‍ എന്നിവരും ഉൾപ്പെടുന്നു. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ് അന്വേഷണ മേൽനോട്ടം.

Leave a Reply